76 ശതമാനത്തോളം ഇന്ത്യക്കാര്‍ക്ക് വിറ്റാമിന്‍ ഡിയുടെ കുറവ് അനുഭവിക്കുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സൂര്യപ്രകാശമാണ് വിറ്റാമിന്‍ ഡിയുടെ പ്രധാന സ്രോതസ്സായി കണക്കാക്കിയിരിക്കുന്നത്. എന്നാല്‍, ശരീരത്തില്‍ വിറ്റാമിന്‍ ഡി അധികമായി എത്തിയാല്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. വിറ്റാമിൻ ഡിയുടെ അളവ് ക്രമാതീതമായി വർധിക്കുന്നത് ശരീരത്തിൽ കാൽസ്യം അടിഞ്ഞ് കൂടുന്നതിന് ഇടയാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ശരീരത്തിലെ സുപ്രധാന അവയവങ്ങളെ പ്രവർത്തന രഹിതമാക്കും.
വിറ്റാമിൻ ഡി കൂടിയാൽ എന്തൊക്കെ സംഭവിക്കാം?
ശ്വാസകോശ രോഗങ്ങള്‍
വിറ്റാമിന്‍ ഡി ശരീരത്തില്‍ അധികമായി എത്തിയാല്‍ രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കും. ഇങ്ങനെയുള്ള കാല്‍സ്യം ശ്വാസകോശത്തിലെ കോശങ്ങളില്‍ അടിഞ്ഞുകൂടും. ഇത് നെഞ്ച് വേദന, ചുമ, ശ്വാസമെടുക്കുന്നതിലെ ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമാകും.
ദഹനവ്യവസ്ഥയില്‍ പ്രശ്‌നങ്ങള്‍
കൂടുതല്‍ അളവില്‍ വിറ്റാമിന്‍ ഡി ശരീരത്തില്‍ എത്തുന്നത് ദഹനവ്യവസ്ഥയെ താറുമാറാക്കും. വിശപ്പ് കുറയ്ക്കുകയും ചില സമയങ്ങളില്‍ വയറിളക്കത്തിനും ചിലപ്പോള്‍ മലബന്ധത്തിനും ഇത് വഴിവെക്കാം. ചിലപ്പോള്‍ ഛര്‍ദിയും തലകറക്കവും ഉണ്ടാക്കിയേക്കും.
മാനസിക ആരോഗ്യപ്രശ്‌നങ്ങള്‍
ശരീരത്തിലെ പ്രധാന അവയവങ്ങളെ ബാധിക്കുന്നതിന് പുറമെ വിറ്റാമിന്‍ ഡി അധികമാകുന്നത് വിഷാദത്തിന് വഴിവെക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. വിഭ്രാന്തി, മതിഭ്രമം എന്നിവയിലേക്കും നയിച്ചേക്കാമെന്ന് അവര്‍ വ്യക്തമാക്കുന്നു.
വൃക്കകള്‍ തകരാറിലാകുന്നു
വിറ്റാമിന്‍ ഡി അധികമാകുന്നത് വൃക്കകളെയാണ് ഗുരുതരമായി ബാധിക്കുന്നത്. രക്തത്തില്‍ കാല്‍സ്യത്തിന്റെ അളവ് വര്‍ധിക്കുന്നത് മൂത്രത്തിലൂടെ കൂടുതല്‍ അളവില്‍ ജലം നഷ്ടപ്പെടുന്നതിന് കാരണമാകും. കൂടാതെ, വൃക്കയില്‍ കാല്‍സ്യം അടിഞ്ഞുകൂടാനും ഇടയാക്കും. കാല്‍സ്യം അമിതമാകുന്നത് വൃക്കയിലേക്കുള്ള രക്തക്കുഴലുകള്‍ സങ്കോചിപ്പിക്കും. ഇത് വൃക്കകളുടെ പ്രവര്‍ത്തനം താളം തെറ്റിപ്പിക്കും.
വിറ്റാമിൻ ഡി കുറഞ്ഞാൽ എന്തൊക്കെ സംഭവിക്കും?
ശരീരത്തില്‍ വിറ്റാമിന്‍ ഡി അധികമാകുന്നതാണ് വൃക്കകള്‍ തകരാറിലാകുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്ന് എന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, വിറ്റാമിന്‍ ഡി കുറയുന്നതും വൃക്കരോഗങ്ങള്‍ക്ക് വഴിവെക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൃത്യമായ അളവില്‍ വിറ്റാമിന്‍ ഡി ശരീരത്തില്‍ നിലനിര്‍ത്തുകയാണ് വേണ്ടത്.
ക്ഷീണവും തളര്‍ച്ചയുമാണ് വിറ്റാമിൻ ഡി കുറഞ്ഞാല്‍ കാണുന്ന ഒരു പ്രധാന ലക്ഷണം. എല്ലുകളില്‍ വേദന, പേശികള്‍ക്ക് ബലക്ഷയം, പേശി വേദന, നടുവേദ തുടങ്ങിയവയാണ് മറ്റ് ലക്ഷണങ്ങള്‍.
ഉത്കണ്ഠ, വിഷാദം, ഭാരം കൂടുക, മുടി കൊഴിച്ചില്‍ തുടങ്ങിയവയാണ് വിറ്റാമിന്‍ ഡി കുറഞ്ഞാലുള്ള ലക്ഷണങ്ങള്‍. ദീര്‍ഘകാലം ഇതേ അവസ്ഥ തുടര്‍ന്നാല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് വരെ ഇത് കാരണമാകും. അമിതമായി തലമുടി കൊഴിയുന്നതും ചിലരില്‍ വിറ്റാമിൻ ഡിയുടെ കുറവു കൊണ്ടാകാം.
വിറ്റാമിൻ ഡിയും മാനസികാരോഗ്യവും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. വിറ്റാമിൻ ഡി കുറഞ്ഞവരില്‍ മൂഡ് സ്വങ്സ്, വിഷാദം തുടങ്ങിയവയും കാണപ്പെടാം. നിങ്ങളുടെ മുറിവുകളും മറ്റും ഉണങ്ങാൻ പതിവിലും കൂടുതൽ സമയമെടുക്കുന്നതായി തോന്നിയാല്‍, അതും വിറ്റാമിൻ ഡിയുടെ കുറവായിരിക്കാം. വിറ്റാമിന്‍ ഡി കുറഞ്ഞവരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കാണപ്പെടാറുണ്ട്.
മറ്റ് വിറ്റാമിനുകളെ പോലെ ഭക്ഷണം മാത്രമല്ല വിറ്റാമിന്‍ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും നമ്മുക്ക് കിട്ടുന്നതു കൂടിയാണ് വിറ്റാമിന്‍ ഡി. സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്.
വിറ്റാമിന്‍ ഡി കിട്ടുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണ്?
പാല്‍, തൈര്, ബട്ടര്‍, ചീസ്, മുട്ട, ഓറഞ്ച് ജ്യൂസ്, സാൽമൺ മത്സ്യം, കൂണ്‍, ഗോതമ്പ്, റാഗ്ഗി, ഓട്സ്, ഏത്തപ്പഴം തുടങ്ങിയവ കഴിക്കുന്നത് വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.