ചൂട് കൂടുന്നതിനനുസരിച്ചു വേനൽക്കാല രോഗങ്ങളും ഇടം പിടിക്കുന്നു. മഞ്ഞപ്പിത്തം, ചിക്കൻപോക്സ്, വയറിളക്കം പോലുള്ള രോഗങ്ങൾ വ്യാപകമായി കണ്ടു വരുന്നുണ്ട് പലജില്ലകളിലും മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തുന്നുണ്ട്. ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നതാണ് പലപ്പോഴും മഞ്ഞപ്പിത്തത്തിന് കാരണമായ കൊണ്ടി കാണിക്കുന്നത്
വൃത്തിയില്ലാത്ത വെള്ളം, ഭക്ഷണം എന്നിവ വഴി പകരുന്ന ഹെപ്പറ്റൈറ്റിസ് എ വിഭാഗം വൈറസ് അണുബാധയാണ് മഞ്ഞപ്പിത്തത്തിന് പ്രധാന കാരണമാകുന്നത്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെ വ്യത്യസ്ത വൈറസുകളുണ്ട്. കരളിനെ ബാധിക്കുന്ന മഞ്ഞപ്പിത്തം ഗുരുതരമാകുന്നത് മരണത്തിന് കാരണമായേക്കും.
ലക്ഷണങ്ങൾ
- ത്വക്കും കണ്ണും മഞ്ഞ നിറത്തിലാവുക
- ഛർദി
- ഓക്കാനം
- പനി
- ക്ഷീണം
- വയറുവേദന
- മൂത്രത്തിലെ നിറം മാറ്റം
ഹെപ്പറ്റെെറ്റിസ് എ വെെറസ് കരളിനെ ബാധിക്കുന്നതുമൂലമാണ് മഞ്ഞപ്പിത്തമുണ്ടാകുന്നത്. മഞ്ഞപ്പിത്തം(വൈറൽ ഹെപ്പറ്റൈറ്റിസ്-എ) പലപ്പോഴും മലിനമായ വെള്ളത്തിലൂടെയാണ് പകരുന്നത്. രോഗം ബാധിച്ച വ്യക്തിയുടെ മലത്തിലൂടെ പുറത്തുവരുന്ന വെെറസുകൾ വെള്ളത്തിലോ ഭക്ഷണത്തിലോ കലർന്നാണ് മറ്റുള്ളവരിലേക്കെത്തുന്നത്.
.ചൂടുകൂടുന്നതിനനുസരിച്ച് കിണറുൾപ്പെടെയുള്ള ജലസ്രോതസ്സുകളിലെ വെള്ളം കുറയാൻതുടങ്ങും. പലയിടത്തും വെള്ളം മലിനമാകും. വലിയ ആഘോഷങ്ങളിലും പരിപാടികളിലും വിതരണം ചെയ്യുന്ന വെള്ളം എപ്പോഴും തിളപ്പിച്ചാറ്റിയതാവണമെന്നില്ല. അതിനാൽ തന്നെ പരമാവധി സുരക്ഷയുറപ്പാക്കിമാത്രമേ അത്തരത്തിലുള്ള സ്ഥലങ്ങളിൽനിന്ന് പാനീയങ്ങൾ കുടിക്കാവൂവെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
ശരീരത്തിൽ രോഗാണു പ്രവേശിച്ചു കഴിഞ്ഞ് 2-7 ആഴ്ചയ്ക്കകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ലക്ഷണങ്ങൾ കണ്ടാൽ വെെകാതെ ചികിത്സിക്കണം
ശ്രദ്ധിക്കേണ്ടവ
എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കാം. കൊഴുപ്പ്, എണ്ണ എന്നിവ കൂടുതലുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കണം. ഭക്ഷണത്തിൽ പഴങ്ങൾ, പച്ചക്കറികൾ എന്നിവ ധാരാളം ഉൾപ്പെടുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കണം. തിളപ്പിച്ച വെള്ളത്തിൽ തണുത്ത വെള്ളം ചേർത്ത് കുടിക്കരുത്.
കിണർവെള്ളം ഇടയ്ക്ക് ക്ലോറിനേറ്റ് ചെയ്ത് ശുദ്ധീകരിക്കണം. കിണറും സെപ്റ്റിക് ടാങ്കും തമ്മിൽ നിശ്ചിത അകലം ഉണ്ടായിരിക്കണം. തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസർജനം ഒഴിവാക്കണം. അത്തരം പ്രശ്നങ്ങളുള്ള പ്രദേശങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ഒഴിവാക്കുക. ഭ
ക്ഷണം തയ്യാറാക്കുന്നതിന് മുൻപും ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുൻപും കെെകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം 20 മിനിറ്റ് എങ്കിലും തിളപ്പിച്ചതായിരിക്കണം. തുറന്നുവെച്ച ഭക്ഷണങ്ങളും തണുത്ത ഭക്ഷണങ്ങളും ഒഴിവാക്കണം. മദ്യപാനവും പുകവലിയും ഒഴിവാക്കണം