ദുബായ്: അബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രമായ ബാപ്‌സിൽ ദർശനം നടത്താൻ ഉപയോക്തൃ-സൗഹൃദ പ്രീ-രജിസ്‌ട്രേഷൻ ബുക്കിംഗ് ആരംഭിച്ചു. തിരക്കൊഴിവാക്കാനും ഭക്തർക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ദർശനം സാധ്യമാക്കാനുമാണ് പുതിയ നടപടി.
തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചതോടെ ക്ഷേത്രത്തിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അവധി ദിവസങ്ങളിലും വിശേഷ ദിവസങ്ങളിലുമൊക്കെയുള്ള തിരക്ക് നിയന്ത്രിക്കാനും ഭക്തർക്ക് ദർശന സൗകര്യമൊരുക്കാനും പുതിയ നടപടി സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
https://www.mandir.ae/visit എന്ന വെബ്സൈറ്റ് സന്ദർശിച്ച് തീർത്ഥാടകർക്ക് ഓൺലൈൻ ബുക്കിംഗ് നടത്താം. വിഷുവിനും ബൈശാഖിക്കും ക്ഷേത്രം സന്ദർശിക്കുന്നവർക്ക് ഓൺലൈനായി നേരത്തെ തന്നെ അവർ ക്ഷേത്രദർശനം നടത്താൻ ഉദ്ദേശിക്കുന്ന തീയതിയും സമയ സ്ലോട്ടും തെരഞ്ഞെടുക്കാൻ കഴിയും. ഇത് ക്ഷേത്ര ദർശനം നടത്താനുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാൻ സഹായിക്കും.
ക്ഷേത്രദർശനം നടത്താൻ ഓൺലൈനായി ബുക്ക് ചെയ്യേണ്ടത് എങ്ങനെയാണെന്ന് നോക്കാം.
* https://www.mandir.ae/visit എന്ന വെബ്‌സൈറ്റ് തുറക്കുക.
* ഇമെയിൽ ഐഡി, സന്ദർശകരുടെ എണ്ണം, സന്ദർശന തീയതിയും സമയവും ഉൾപ്പെടെ ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക.
* വിശദാംശങ്ങൾ നൽകിയ ശേഷം, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈലിൽ 6 അക്ക OTP ലഭിക്കുന്നതിന് വേണ്ടി ക്ലിക്ക് ചെയ്യുക.
* ഇതിന് ശേഷം ഒരു സ്ഥിരീകരണ ഇമെയിൽ ലഭിക്കും. ഇതിന്റെ പ്രിന്റൗട്ട് എടുത്ത ശേഷം ക്ഷേത്ര ദർശനം നടത്താം.
ഫെബ്രുവരി 14 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബാപ്‌സ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് ശേഷം തീർത്ഥാടകർക്കായി തുറന്ന് കൊടുത്ത ആദ്യ ഞായറാഴ്ചയായ മാർച്ച് മൂന്നിന് ഏകദേശം 65,000 ആളുകൾ ക്ഷേത്രത്തിൽ എത്തിയിരുന്നു. ഇപ്പോൾ, ശരാശരി 30,000 ആളുകൾ എല്ലാ ഞായറാഴ്ചയും ക്ഷേത്രസമുച്ചയം സന്ദർശിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
27 ഏക്കർ സ്ഥലത്താണ് ഏകദേശം 108 അടി ഉയരമുള്ള ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. 700 കോടി രൂപയാണ് നിർമ്മാണ ചെലവ്. യുഎഇയിലെയും ഇന്ത്യയിലേയും പാരമ്പര്യങ്ങൾ സമന്വയിക്കുന്ന സ്ഥലം കൂടിയാണ് ഈ ക്ഷേത്രം. യുഎഇയിലെ ഏഴ് എമിറേറ്റുകളെ പ്രതീകപ്പെടുത്തുന്ന ഏഴ് ഗോപുരങ്ങളും രാമായണം, മഹാഭാരതം, ഭാഗവതം, ശിവപുരാണം എന്നിവയിൽ നിന്നുള്ള കഥകൾ വിവരിക്കുന്ന ഏഴ് ആരാധനാലയങ്ങളും ഈ ക്ഷേത്രത്തിലുണ്ട്.