സദ്യയിലെ ഒഴിച്ച് കൂടാന്‍ ആവാത്ത ഒരു വിഭവമാണ് പുളിയിഞ്ചി എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ പലപ്പോഴും പലര്‍ക്കും ഇത് എങ്ങനെ തയ്യാറാക്കാം എന്ന അറിവില്ല. കല്ല്യാണത്തിനും മറ്റ് സദ്യകള്‍ക്കും പലരും കഴിച്ചിട്ടുണ്ടാവുമെങ്കിലും ഇത് വീട്ടിൽ എങ്ങനെ തയ്യാറാക്കണം എന്നുള്ളത് പലപ്പോഴും സംശയം നിറഞ്ഞ ഒരു കാര്യം തന്നെയാണ്. ഓണത്തിനും വിഷുവിനും എന്ന് വേണ്ട പുളിയിഞ്ചി ഇല്ലാത്ത സദ്യയില്ല.
ആവശ്യമായ ചേരുവകൾ
- ഇഞ്ചി ചെറുതായി അരിഞ്ഞത് – അരക്കപ്പ്
- ശര്‍ക്കര – 5,6 അച്ച്
- പച്ചമുളക് – 2 എണ്ണം
- വാളന്‍ പുളി – രണ്ട് ചെറുനാരങ്ങ വലിപ്പം
- മുളക് പൊടി- കാല്‍ ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
- കറിവേപ്പില- ഒരു തണ്ട്
- ഉപ്പ് – പാകത്തിന്
- വെളിച്ചെണ്ണ- 2 ടീസ്പൂണ്‍
- കായം പൊടിച്ചത് – കാല്‍ ടീസ്പൂണ്‍
- കടുക്- വറുത്തിടാന്‍
- വറ്റല്‍ മുളക് – രണ്ടോ മൂന്നോ
തയ്യാറാക്കുന്ന വിധം
പുളി അല്‍പ നേരം ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. അരിഞ്ഞുവെച്ച ഇഞ്ചിയിൽ അല്‍പം ഉപ്പ് ചേര്‍ത്ത് വെക്കുക. ഇത് നല്ലതുപോലെ ഉപ്പില്‍ നിന്ന് പിഴിഞ്ഞെടുക്കണം. ശേഷം ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇഞ്ചി നല്ലതുപോലെ വഴറ്റിയെടുക്കുക. ശേഷം ഇതിലേക്ക് പച്ചമുളകും കറിവേപ്പിലയും ചേര്‍ക്കാം. ഇവയെല്ലാം നല്ല ബ്രൗണ്‍ നിറമാവുമ്പോള്‍ ഇതിലേക്ക് കായം പൊടിച്ചതും മുളക് പൊടിയും ചേര്‍ക്കാം. ശേഷം പുളി നല്ലതുപോലെ പിഴിഞ്ഞ് ചേര്‍ക്കാന്‍ ശ്രദ്ധിക്കുക. ഇത് ഒന്ന് ചൂടായിക്കഴിയുമ്പോള്‍ അതിലേക്ക് ശര്‍ക്കര ചേര്‍ത്ത്കൊടുക്കുക. ശേഷം ഒരു നുള്ള് ഉപ്പും കൂടി ചേര്‍ത്ത് കൊടുക്കാം. ഇത് അധികം കട്ടിയാവാതെ കുറച്ച് അയഞ്ഞ പരുവത്തില്‍ ആകുമ്പോൾ തന്നെ തീ ഓഫ് ചെയ്ത് വാങ്ങി വെക്കാം. മധുരം കൂടുതല്‍ വേണ്ടവര്‍ക്ക് അതനുസരിച്ച് ശര്‍ക്കര ചേര്‍ക്കാവുന്നതാണ്. പുളി കൂടുതല്‍ വേണ്ടവര്‍ക്ക് അങ്ങനേയും ചേര്‍ക്കാം. പുളിയിഞ്ചി തയ്യാര്‍.