വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന കേരളാ കോണ്‍ഗ്രസ്സില്‍ വീണ്ടും പ്രതിസന്ധി രൂപപ്പെട്ടിരിക്കുയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ എത്തി നില്‍ക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ നേതാവ് സജി മഞ്ഞക്കടമ്പില്‍ രാജി വെച്ചിരിക്കുന്നു. ഇനി എങ്ങോട്ട് എന്ന ചോദ്യത്തിനു മുമ്പിലാണ് മഞ്ഞക്കടമ്പില്‍. കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പ് നേതാക്കളുമായി കഴിഞ്ഞ ദിവസം സജി ചര്‍ച്ച നടത്തിയെന്നാണ് സൂചനകള്‍.
സജിയുടെ രാജിക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് ഉരുളികുന്നം രാജി വെച്ചിട്ടുണ്ട്. മുന്‍മന്ത്രി മോന്‍സ് ജോസഫിന്റെ ഏകാധിപത്യത്തില്‍ മനംമടുത്താണ് സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചിരിക്കുന്നത്. ഇതേ ആരോപണമാണ് പ്രസാദ് ഉരുളികുന്നവും പറഞ്ഞിരിക്കുന്നത്. ഇനി ആരായിരിക്കും രാജി വെയ്ക്കുക എന്നതാണ് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫിനെ അലട്ടുന്ന പ്രധാന വിഷയം.
സജി മഞ്ഞക്കടമ്പിലിനെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടു വരാനുള്ള നീക്കങ്ങള്‍ ഫലംകാണാതെ വന്നതോടെ കോട്ടയം ജില്ലയിലെ യുഡിഎഫിന്റെ താത്കാലിക ചെയര്‍മാനായി ഇ.ജെ ആഗസ്തിയെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫാണ് ആഗസ്തിയുടെ പേര് നിര്‍ദേശിച്ചത്. യുഡിഎഫ് രാഷ്ട്രീയത്തില്‍ നിന്ന് തന്നെ പുറത്തു ചാടാനാണ് സജിയുടെ നീക്കം. ഈ സാഹചര്യത്തില്‍ തന്റെ പഴയ ലാവണത്തിലേക്ക് സജി മടങ്ങുമെന്നാണ് സൂചനകള്‍.
പിളര്‍പ്പിന്റെ രാഷ്ട്രീയ സാധ്യതകള്‍ കോട്ടയത്തെപ്പോലെ ഉപയോഗിച്ച മറ്റൊരു മണ്ഡലം കേരളത്തില്‍ ഉണ്ടാവില്ല. കെഎം മാണിയുടെ മരണത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് തോമസ് ചാഴികാടനെയും ഫ്രാന്‍സിസ് ജോര്‍ജിനെയും നേര്‍ക്കുനേര്‍ പോരാട്ടത്തിലേയ്ക്ക് നയിച്ചത്. 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പക്ഷത്തുനിന്ന് മത്സരിച്ച് വിജയിച്ച കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് തോമസ് ചാഴികാടനാണ് ഇത്തവണ എല്‍ഡിഎഫ് പക്ഷത്തു നിന്ന് ജനവിധി തേടുന്നത്.
2020ല്‍ മാണി കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷവും പി ജെ ജോസഫ് പക്ഷവുമായി വഴി പിരിഞ്ഞതോടെ ജോസ് കെ മാണിക്കൊപ്പം ചാഴിക്കാടനും എല്‍ഡിഎഫിലെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ കൂടി അദ്ധ്വാനത്തിന്റെ ഫലമായി ജയിച്ച സ്ഥാനാര്‍ത്ഥി ഒറ്റവര്‍ഷത്തിനുള്ളില്‍ എതിര്‍പക്ഷത്തിലെത്തിയതില്‍ സാക്ഷാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അസ്വസ്ഥരുമാണ്. ഈ അസ്വസ്ഥതയെ മുഖ്യ പ്രചാരണ ആയുധമായി ഉപയോഗിക്കുന്നുമുണ്ട് എല്‍.ഡി.എഫ്.
കേരളകോണ്‍ഗ്രസിന് ബ്രാക്കറ്റകളും ബ്രാക്കറ്റിനുള്ളില്‍ വീണ്ടും ബ്രാക്കറ്റുകളും ഉണ്ടായി. നന്നായി പിളര്‍ന്നുഴുതിട്ട ഈ മണ്ണിലേയ്ക്കാണ് 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസും (എം) (ജോസ്) കേരളാകോണ്‍ഗ്രസും (ജോസഫ്) നേര്‍ക്കുനേര്‍ പോരാട്ടത്തിന് ഇറങ്ങുന്നത്. യുഡിഎഫിനു വേണ്ടി ഫ്രാന്‍സിസ് ജോര്‍ജും എല്‍ഡിഎഫിനു വേണ്ടി തോമസ് ചാഴികാടനും എന്‍ഡിഎയ്ക്കായി തുഷാര്‍ വെള്ളാപ്പള്ളിയുമാണ് കോട്ടയത്ത് ജനവിധി തേടിയിറങ്ങുന്നത്.
ഉമ്മന്‍ ചാണ്ടിയുടെ മരണശേഷമുള്ള ആദ്യത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് എന്നത് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. കോട്ടയം എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്. എന്നാല്‍, ഈ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലാണ് സജി മഞ്ഞക്കടമ്പനെ കേരളാകോണ്‍ഗ്രസ് (ജോസഫ്) വിഭാഗത്തിന് നഷ്ടമാകുന്നതെന്നത് വലിയ ക്ഷീണുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതിനിടെയാണ് സജി പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലെത്തി കെ.എം മാണിയുടെ ഫോട്ടോ എടുത്തുകൊണ്ടുപോയത്. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം അടക്കം രാജിവെച്ച സജിയെ പാര്‍ട്ടിയിലെത്തിക്കാന്‍ മാണി വിഭാഗം ചരടു വലി തുടങ്ങിക്കഴിഞ്ഞു. ഇതിനിടെയാണ് മാണിയുടെ ഫോട്ടോ എടുത്തു മാറ്റിയ സംഭവം ഉണ്ടാകുന്നത്.
എന്നാല്‍, രാഷ്ട്രീയ മാറ്റം സംബന്ധിച്ച് ഇതുവരെ മനസ്സു തുറക്കാന്‍ സജി തയ്യാറായിട്ടില്ല. തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വേണ്ടിയും പ്രചാരണത്തിന് ഇല്ലെന്ന് സജി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ തിരിച്ചുപോകുന്നതില്‍ ആശങ്കയുണ്ട്, എന്നാല്‍ രാഷ്ട്രീയ വനവാസത്തിനില്ലെന്നും സജി മഞ്ഞക്കടമ്പില്‍ പ്രതികിച്ചിട്ടുണ്ട്. അതേസമയം, സജി മഞ്ഞക്കടമ്പില്‍ മികച്ച സംഘാടകനാണെന്ന് ജോസ് കെ മാണി പുകഴ്ത്തിയിട്ടുണ്ട്.
പൊളിറ്റിക്കല്‍ ക്യാപ്റ്റനാണ് പുറത്ത് വന്നത്. സജി മാത്രമല്ല നിരവധി നേതാക്കള്‍ ആശങ്കയിലാണ്. ജോസഫ് വിഭാഗത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ ത്യാഗം ചെയ്ത ആളാണ് സജി. ആ പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്നത്തിലേക്ക് കൂടുതല്‍ ഇടപെടുന്നില്ലെന്നും ജോസ് കെ മാണി പ്രതികരിക്കുമ്പോള്‍ ഒരു കാര്യം ഉറപ്പിക്കാം, ജോസഫ് ഗ്രൂപ്പില്‍ നിന്നും കൊഴിഞ്ഞുപോക്ക് അനിവാര്യമായിരിക്കുന്നുവെന്ന്.