ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. എൻഡിഎ സ്ഥാനാർഥിയായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും യു ഡി എഫ് സ്ഥാനാർത്ഥിയായി ശശി തരൂരും, എൽ ഡി എഫ് സ്ഥാനാർത്ഥിയായി മുൻ എം.പി. പന്ന്യൻ രവീന്ദ്രനും മത്സരത്തിനിറങ്ങുന്ന മണ്ഡലമായതുകൊണ്ടു തന്നെ രാഷ്ട്രീയ കേരളം ശ്രദ്ധ പതിപ്പിച്ച മണ്ഡലം കൂടിയാണ് തിരുവനന്തപുരം എന്ന് നിസ്സംശയം പറയാം.
ഇതിനിടെ, ക്രിസ്ത്യൻ പള്ളിയിൽ ബിജെപി രാഷ്ട്രീയ യോഗം നടക്കുന്നു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്താണ് ഈ പറയുന്നതിന്റെ വാസ്തവം എന്ന് പരിശോധിക്കാം.
പ്രചരിക്കുന്ന വിഡിയോയിൽ രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. രാജീവ് ചന്ദ്രശേഖറിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് അക്കൗണ്ട് പരിശോധിച്ചപ്പോൾ പള്ളിയിൽ നടന്ന പരിപാടിയുടെ ചിത്രങ്ങൾ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്നും കണ്ടെത്തി.
“തിരുവനന്തപുരം സി.എസ്.ഐ നേതൃയോഗത്തിൽ വികസനം, പുരോഗതി, നിക്ഷേപം, തൊഴിൽ, നൈപുണ്യവികസനം എന്നിവയെക്കുറിച്ചുള്ള എന്റെ തെരെഞ്ഞെടുപ്പ് ആശയങ്ങൾ പങ്കുവെച്ചു” എന്ന തലക്കെട്ടോടെയാണ് രാജീവ് ചന്ദ്രശേഖർ പരിപാടിയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ നിന്നും അദ്ദേഹം പങ്കെടുത്തത് സിഎസ്ഐ സഭാ നേതൃയോഗമാണ് എന്ന് വ്യക്തമായി.
ഈ യോഗത്തെ പറ്റിയുള്ള ചില വാർത്തകളും ലഭിച്ചു. അതിൽ അടുത്തിടക്ക് ബിജെപിയിൽ ചേർന്ന പി.സി. ജോർജും സംസാരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പുറത്തുവന്ന വാർത്തകൾ പറയുന്നത് ‘സി.എസ്.ഐ സഭ മഹായിടവക ആസ്ഥാനത്തുവച്ച് തിരുവനന്തപുരത്തെ സ്ഥാനാര്‍ഥികള്‍ക്ക് ഇടവകാംഗങ്ങളുമായി സംവദിക്കാന്‍ അവസരം ഒരുക്കിയിരുന്നു, എന്ന് വ്യക്തമാക്കുന്നുണ്ട്.
മാത്രമല്ല, പുറത്തുവന്ന വാർത്തകളിൽ ഇതേ ചടങ്ങിൽ രാജീവ് ചന്ദ്രശേഖർ മാത്രമല്ല ഉണ്ടായിരുന്നത്, തരൂരും പന്ന്യൻ രവീന്ദ്രനും പങ്കെടുത്തിരുന്നുവെന്നും, അവരും പരിപാടിയിൽ സംസാരിച്ചുവെന്നും കാണാം.
സിഎസ്ഐ ദക്ഷിണ കേരള മഹായിടവകയുടെ നേതൃയോഗത്തിലാണ് തിരുവനന്തപുരം മണ്ഡലത്തിലെ മൂന്ന് സ്ഥാനാർത്ഥികളും പങ്കെടുത്തത്.
ഇടവകയുടെ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിയായ പ്രവീൺ ടിടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പരിപാടിയുടെ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വീഡിയോയിലെ ഭാഗമാണ് കട്ട് ചെയ്ത് ക്രിസ്ത്യൻ പള്ളിയിൽ ബിജെപി രാഷ്ട്രീയ യോഗം നടക്കുന്നു എന്ന അവകാശവാദത്തോടെ പ്രചരിപ്പിക്കുന്നത്.