ഭൂമിക്കടിയിലെ ശിവ ക്ഷേത്രവും മറക്കാനാകാത്ത യാത്രയും

ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് ഹംപി. പഴയ വിജയനഗരമാണ് പിന്നീട് ഹംപിയായി മാറിയത്. യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടംപിടിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്ഥലം ഇന്നും സംരക്ഷിച്ചു പോരുന്നു.

ആയിരക്കണക്കിന് സന്ദര്‍ശകരാണ് വര്‍ഷംതോറും ഹംപിയിലെ ചരിത്ര ശേഷിപ്പുകള്‍ തേടിയെത്തുന്നത്. എന്നാല്‍ ഹംപിയില്‍ ക്ഷേത്രങ്ങളും ചരിത്രസ്മാരകങ്ങളും മാത്രമല്ല ഉള്ളത്, ഹംപിയെ ചുറ്റിപറ്റി വേറെയും വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്.

ഹംപിയിൽ കണ്ടിരിക്കേണ്ടതെന്തെല്ലാം?

വിരൂപാക്ഷ ക്ഷേത്രം

ഹംപിയുടെ കഥ പറയുമ്പോൾ ആദ്യം പരാമർശിക്കേണ്ട സ്ഥലമാണ് ഇവിടുത്തെ വിരൂപാക്ഷ ക്ഷേത്രം. ഹംപിയിലെ ഏറ്റവും പുരാതന ക്ഷേത്രമായ ഇത് തുംഗഭദ്രാ നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്.

ശില്പങ്ങളും ഗോപുരങ്ങളും ഒക്കെയായി വലിയ ഒരു നിർമ്മിതി തന്നെയാണിത്. പമ്പാപതി എന്ന പേരിലാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്. ക്ഷേത്രത്തിൻറെ ചരിത്രത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ഇല്ല എങ്കിലും കൃഷ്ണദേവരായരുടെ കാലത്ത് ക്ഷേത്രത്തിൽ പല നിർമ്മാണങ്ങളും നടന്നു എന്നതിനു രേഖകളുണ്ട്.

ഹസാരെ രാമക്ഷേത്രം

കൊത്തുപണികളുടെ കാര്യത്തിൽ ഇത്രയും സമ്പന്നമായ മറ്റൊരു ക്ഷേത്രവും ഹംപിയിൽ കണ്ടെത്താൻ സാധിക്കില്ല. ഇവിടുത്തെ ഏക രാമക്ഷേത്രം കൂടിയായ ഹസാരെ രാമക്ഷേത്രം കൊട്ടാരവളപ്പിൽ റാണിമന്ദിരത്തിനു സമീപത്താണ് സ്ഥിതി ചെയ്യുന്നത്.

രാമൻറെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കാര്യങ്ങൾ ഇവിടെ ക്ഷേത്രത്തിനുള്ളിൽ കല്ലുകളിൽ കൊത്തിവെച്ചിട്ടുണ്ട്. ഭാഗവത പുരാണവും ഇത്തരത്തിൽ കൊത്തിവെച്ചിട്ടുണ്ട്.

ലോട്ടസ് മഹൽ

താമരയുടെ ഇതളുകളുടെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന അതിമനോഹരമായ ഒരു നിർമ്മിതിയാണ് ലോട്ടസ് മഹൽ. ഹംപിയിലെ മറ്റേത് സ്ഥലങ്ങള്‍ വിട്ടുപോയാലും ഒരിക്കലും ഒഴിവാക്കുവാൻ പാടില്ലാത്ത ഇടമാണിത്. വിജയനഗര സാമ്രാജ്യത്തിലെ സ്ത്രീകൾക്കു വേണ്ടി മാത്രമുള്ള സെനാന എൻക്ലോഷറിനോട് ചേർന്നാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. കമൽ മഹൽ എന്നും ചിത്രഗണി മഹൽ എന്നും ഇതിനു പേരുണ്ട്.

തുറന്ന താമരയുടെ മൊട്ടു പോലെയാണ് ഇത് കാണപ്പെടുന്നത്. രണ്ടു നിലകളുള്ള ഒരു നിർമ്മിതിയാണിത്. വെല്ലം, ചുണ്ണാമ്പ്, കോഴിമുട്ട, മണ്ണ് എന്നിവയുടെ മിശ്രിതം കൊണ്ടാണ് ഇതിന്റെ ഭിത്തികൾ തേച്ചിരിക്കുന്നത്.
നാലുഭാഗത്തു നിന്നും നോക്കിയാലും ഒരുപോലെയാണ് ഇത് കാണുക.

ആനപ്പന്തി അഥവാ എലഫന്റ് സ്റ്റേബിൾ

സെനാന എൻക്ലോഷറിനു പുറത്തായാണ് മറ്റൊരു നിർമ്മിതിയായ ആനപ്പന്തി അഥവാ എലഫന്റ് സ്റ്റേബിൾ സ്ഥിതി ചെയ്യുന്നത്. ആനകൾക്കും അതിനെ നോക്കുന്നവർക്കും കൂടാത കുതിരകൾക്കുമുള്ള സ്ഥലം ഇവിടെയുണ്ട്. നീളത്തിൽ അറബിക് പേർഷ്യൻ ഇന്ത്യൻ എന്നീ സംസ്കാരങ്ങളുടെ മിശ്രണമായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

വിജയ വിറ്റാല ക്ഷേത്രം

ഹംപിയിലെ മറ്റൊരു പ്രധാന ക്ഷേത്രമാണ് വിഷ്ണുവിനെ വിറ്റാല നാഥനായി ആരാധിക്കുന്ന വിജയ വിറ്റാല ക്ഷേത്രം. ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ കാണുന്ന കല്ലിൽ നിർമ്മിച്ച രഥം മുതൽ ഇവിടെ കാഴ്ചകളുടെ ഉത്സവം തുടങ്ങും. തട്ടിയാൽ സംഗീതം കേൾക്കുന്ന തൂണുകളും കൊത്തുപണികളുള്ള ചുവരുകളും ഒക്കെയാണ് ഇവിടുത്തെ ആകർഷണങ്ങൾ. എല്ലാ ദിവസവും രാവിലെ 8.30 മുതൽ വൈകിട്ട് 5.00മണി വരെയാണ് ഇവിടെ പ്രവേശനം.

ഭൂമിക്കടിയിലെ ശിവക്ഷേത്രം

ഹംപിയിലെ ഏറ്റവും ആകർഷകമായ നിർമ്മിതികളിലൊന്നാണ് ഭൂമിക്കടിയിൽ വെള്ളത്തിൽ മുങ്ങിയ നിലയിലുള്ള ശിവക്ഷേത്രം. സാധാരണ തറനിരപ്പിൽ നിന്നും താഴ്ന്ന് ഭൂമിക്കടിയിലായി നിർമ്മിച്ച രീതിയിലാണ് ഇവിടുത്തെ ശിവക്ഷേത്രമുള്ളത്.

പ്രസന്ന വിരൂപാക്ഷ ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. വേനലെന്നോ മഴയെന്നോ വ്യത്യാസമില്ലാതെ വർഷത്തിൽ എല്ലായ്പ്പോളും വെള്ളം നിറഞ്ഞു കിടക്കുകയാണ് ഈ ക്ഷേത്രം. തുംദഭദ്രാ നദിയിലെ ജലമാണ് ഇവിടെയുള്ളത് എന്നാണ് വിശ്വാസം. പ്രതിഷ്ഠ വെള്ളത്തിനടിയിലാണെങ്കിലും ക്ഷേത്രത്തിന്റെ മേൽക്കൂര തറനിരപ്പിലാണ് സ്ഥിതി ചെയ്യുന്നത്.

Read more കാടും മേടും കയറാം; മനസ്സും തണുപ്പിക്കാം