കേരള സ്‌റ്റോറി സിനിമ സംവിധാനം ചെയ്ത സുദീപ്തോ സെന്നിനെയും അതിലെ നായിക ആദാ ശര്‍മ്മയെയും കേരളത്തിലേക്ക് ക്ഷണിക്കുകയാണ്, കേരളത്തിന്റെ യദാര്‍ത്ഥ സ്‌റ്റോറി നേരിട്ടു കാണാന്‍. സങ്കല്പങ്ങളോ സ്വപ്നങ്ങളോ ഒന്നുമല്ല, മനുഷ്യന്‍ മനുഷ്യനെ സംഗീതം പോലെ സ്‌നേഹിക്കുന്ന കാഴ്ചയിലേക്ക്. വര്‍ഗീയതയുടെ വിത്തു മുളപ്പിക്കുന്ന സിനിമക്കാഴ്ചകള്‍ വിട്ട് കണ്ണ് നനയിക്കുന്ന സഹകരണത്തിന്റെയും കൂട്ടായ്മയുടെയും മലയാളത്തിന്റെ അസ്സല്‍ സ്പര്‍ശനത്തിലേക്ക്.
സുദീപ്‌തോ സെന്നിന് ഇനിയെങ്കിലും കേരളസ്‌റ്റോറി എന്താണെന്ന് കാട്ടിക്കൊടുക്കേണ്ടത് ആവശ്യമല്ല, അത്യാവശ്യമാണ്. ഈ സ്‌റ്റോറി നടക്കുന്നത്, ഇപ്പോഴാണ്. കഥ തീര്‍ന്നിട്ടില്ല, നടന്നു കൊണ്ടേയിരിക്കുന്നു. ലോകത്തെ എല്ലാ മലാളികളും ഈ കഥയിലെ പ്രധാന നായികാ നായകന്‍മാരാണ്. അവിടെ ജാതിയില്ല. മതമില്ല. വര്‍ഗമില്ല. വര്‍ണ്ണമില്ല. ഒറ്റക്കെട്ടായി ഒരു ജീവന്‍ രക്ഷിക്കാനുള്ള പ്രാര്‍ത്ഥന മാത്രം. അതാണ് യഥാര്‍ഥ കേരള സ്റ്റോറി.
വന്ന് കാണൂ. അനുഭവിക്കൂ. സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനത്തിനായുള്ള മലയാളികളുടെ സ്‌നേഹം. മലയാളത്തെ, കേരളത്തിന്റെ മതേതരത്വം പഠിപ്പിക്കുന്ന ദയാ ധന സമാഹരണമാണ് നടക്കുന്നത്. അബ്ദുള്‍ റഹീമിനെ കഴുമരത്തില്‍ നിന്നും രക്ഷിക്കുക തന്നെ ചെയ്യും. കേരളത്തിന്റെ മണ്ണില്‍ ആ മനുഷ്യനെ ജീവനോടെ എത്തിക്കും. എന്നിട്ട് മലയാളികള്‍ ഒന്നിച്ചു വിളിച്ചു പറയും.
‘ ഇതാണ് കേരളത്തിന്റെ ഒറിജിനല്‍ സ്‌റ്റോറി’ എന്ന്. ദയാധന സമാഹരണം 30 കോടി കടന്നുകഴിഞ്ഞു. 34 കോടി രൂപയാണ് ദയാധനം നല്‍കേണ്ടത്. ഇതിനുള്ള സമയപരിധി അവസാനിക്കാന്‍ മൂന്ന് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ഇതുവരെ 30,10,81,618 രൂപയാണ് ലഭിച്ചിട്ടുണ്ടെന്നാണ് ദയാധസമാഹരണത്തിനായി രൂപീകരിച്ച കമ്മിറ്റി പറയുന്നു. ഇപ്പോള്‍ താത്കാലികമായി അക്കൗണ്ട് ക്ലോസ് ചെയ്തിരിക്കുകയാണ്. ഓഡിറ്റിങ്ങിനു ശേഷം അക്കൗണ്ട് വീണ്ടും തുറക്കും.
അപ്പോള്‍ പണം നിക്ഷേപിക്കാന്‍ സാധിക്കുമെന്നാണ് കമ്മിറ്റി ഭാരവാഹികള്‍ പറയുന്നത്. ഫറോക്ക് കോടമ്പുഴ സ്വദേശിയായ അബ്ദുല്‍ റഹീം 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുകയാണ്. 26-ാം വയസ്സിലാണ് അബ്ദുല്‍ റഹീമിനെ സൗദിയിലെ ജയിലില്‍ അടക്കുന്നത്. ഡ്രൈവര്‍ വിസയിലെത്തിയിട്ടും റഹീമിന് ലഭിച്ച ജോലി പരിചാരകനായാണ്. തന്റെ സ്‌പോണ്‍സറുടെ മകനെയാണ് പരിചരിക്കേണ്ടത്. തലക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട കുട്ടിയാണ് ഫായിസ്.
ഫായിസിന് ഭക്ഷണവും വെള്ളവുമുള്‍പ്പെടെ നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടക്ക് പുറത്ത് കൊണ്ടുപോകേണ്ട ചുമതലയും റഹീമിനായിരുന്നു. 2006 ഡിസംബര്‍ 24നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കാറില്‍ കൊണ്ടുപോകുന്നതിനിടയില്‍ അബ്ദുല്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടിപ്പോയി. ബോധരഹിതനായ ഫായിസ് പിന്നീട് മരിക്കുകയും ചെയ്തു. തുടര്‍ന്ന് കൊലപാതക കുറ്റം ചുമത്തി റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്തു.
റിയാദിലെ കോടതി വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു. അപ്പീല്‍ കോടതികളും വധശിക്ഷ ശരിവെച്ചു. ഈ കാലയളവിനിടയില്‍ ഫായിസിന്റെ കുടുംബവുമായി നിരവധി തവണ ഉന്നതതലത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മാപ്പ് നല്‍കാന്‍ അവര്‍ തയാറായിരുന്നില്ല. പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് എം.ഡിയുമായ എം.എ യൂസഫലിയും വിഷയത്തില്‍ ഇടപെട്ടു. ഒടുവില്‍ ഏറെ പ്രതീക്ഷ നല്‍കിക്കൊണ്ട് 34 കോടി രൂപ ദയാധനമെന്ന ഉപാധിയില്‍ ഫായിസിന്റെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു.
ഏപ്രില്‍ 16നകം ഇത്രയും ഭീമമായ തുക സമാഹരിച്ച് കുടുംബത്തെ ഏല്‍പ്പിച്ചെങ്കിലേ മോചനം സാധ്യമാകൂ. എം.പി അബ്ദുല്‍ റഹീം നിയമ സഹായ സമിതി എന്ന പേരില്‍ ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കോഴിക്കോട് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഉമ്മയുടെ പേരിലുള്ള 9037304838, 9567483832 എന്നീ നമ്പറുകളില്‍ ഗൂഗിള്‍ പേ ആയി പണം അടയ്ക്കാനും അവസരമുണ്ട്.
ഈ കുറഞ്ഞ സമയത്തിനുള്ളില്‍ വലിയൊരു തുക പിരിച്ചെടുക്കാന്‍ സഹായിക്കുന്നത്, മലയാളികളും മറുനാടന്‍ മലയാളികളുമാണ്. ഒത്തു പിടിച്ചാല്‍ മലയും പോരുമെന്ന പഴഞ്ചൊല്ലിനെ അക്ഷരാര്‍ത്ഥത്തില്‍ അനുസ്മരിപ്പിക്കും വിധമാണ് ഒറിജിനല്‍ കേരളസ്റ്റോറി മുന്നേറുന്നത്. ബോബി ചെമ്മണ്ണൂര്‍ ഇതിനായി ഒരു കോടിരൂപയാണ് സംഭാവന ചെയ്തത്. തീര്‍ന്നില്ല, ബാക്കി തുക കണ്ടെത്താന്‍ അദ്ദേഹം യാചക യാത്രയും ചെയ്യുകയാണ്.
ഇനിയുള്ള മൂന്നു ദിവസത്തിനുള്ളിലല്ല, മണിക്കൂറിനുള്ളില്‍ അബ്ദുള്‍ റഹീമിനെ രക്ഷിക്കാനുള്ള തുക കണ്ടെത്താന്‍ കഴിയുമെന്നു തന്നെയാണ് ഓരോ മലയാളിയും വിശ്വസിക്കുന്നത്. കാരണം, ഇത് കേരളമാണ്. മലയാളികളാണ്. മലയാളികള്‍ പൊളിയാണ്. അത് കേരളസ്‌റ്റോറിയെന്ന സിനിമ ചെയ്തവര്‍ക്കറിയില്ല. എത്രയോ മനുഷ്യരുടെ ചികിത്സാ ധസഹായം സ്വരൂപിക്കാന്‍ ശ്രമിച്ചു വിജയിച്ചവരാണ് മലയാളികള്‍.
അടിയന്തിര ശസ്ത്രക്രീയയ്ക്ക് ആസുപത്രിയിലെത്തിക്കേണ്ട രോഗിയുമായി വരുന്ന ആംബുലന്‍സിന് വഴിയൊരുക്കുന്ന മലയാളികള്‍ പൊളിയാണ്. പ്രളയ ജലത്തില്‍നിന്നും താങ്ങിയെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ പൊളിയാണ്. അമ്പലത്തിന്റെയും പള്ളിയുടെയും കമാനങ്ങള്‍ ഒരേ വഴിയില്‍ ഭാഗിച്ചു കെട്ടുന്ന മലയാളികള്‍ പൊളിയാണ്. അയ്യപ്പനെയും വാവരെയും ഒരുപലെ കാണുന്ന മലയാളികള്‍ പൊളിയാണ്.
അതുപോലെയാണ് അബ്ദുള്‍ റഹീമിനെ രക്ഷിക്കാന്‍ മലയാളികള്‍ കൈകോര്‍ക്കുന്നത്. ഈ സമയവും കടന്നു പോകുമെന്ന് കേരളത്തിനറിയാം. എത്രയോ ദുരന്തങ്ങള്‍ കണ്ടിരിക്കുന്നു. എത്രയോ പ്രതിബന്ധങ്ങള്‍ കടന്നു പോയിരിക്കുന്നു. അവിടെയെല്ലാം ഒരുമിച്ചു നിന്നാണ് ഇദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിച്ചത്. ആ നാട്ടില്‍, മുഖ്യമന്ത്രിയുടെ ഭാഷ കടമെടുത്തു പറഞ്ഞാല്‍ കേരളസ്‌റ്റോറിയെന്ന പച്ച നുണ പറഞ്ഞാല്‍ ഏശില്ല.
ഇടുക്കി രൂപതയും, താമരശ്ശേരി രൂപതയും ഈ കേരളസ്റ്റോറി കാണണം. കണ്ടു പഠിക്കണം. ഇടവകയിലെ കുരുന്നുകള്‍ക്ക് പഠിപ്പിച്ചു കൊടുക്കണം. ഇത്തരം സ്‌നേഹത്തിന്റെയും കരുതലിന്റെയും സ്പര്‍ശത്തെ കുറിച്ച്. സഹകരണത്തെ കുറിച്ച്. ഒരു മനുഷ്യ ജീവന്റെ വിലയെയും, അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയേയും. അല്ലാത്തെ വര്‍ഗീയതയുടെ വിഷം വമിക്കുന്ന സിനിമകള്‍ കാണിച്ചല്ല, കുട്ടികളെ ബോധവാന്‍മാരാക്കേണ്ടത്.