സിവിൽ പൊലീസ് ഓഫീസർ (സിപിഒ) നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചതോടെ പട്ടിക റദ്ദായ അവസ്ഥ തികച്ചും ദൗർഭാഗ്യകരമെന്ന് കേന്ദ്ര മന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. എഴുത്ത് പരീക്ഷയും കായികക്ഷമതയുമടക്കമുള്ള കടമ്പകൾ കടന്ന് ആയിരക്കണക്കിന് കുടുംബങ്ങൾക്ക് പ്രതീക്ഷ നൽകിക്കൊണ്ട് പ്രസിദ്ധീകരിച്ച പട്ടിക നിയമനം പൂർത്തിയാക്കാതെ റദ്ദായിപ്പോയത് സംസ്ഥാന സർക്കാരിൻ്റെ പിടിപ്പുകേടിനും യുവജനങ്ങളോട് പുലർത്തുന്ന ശത്രുതാ മനോഭാവത്തിനുമുള്ള മറ്റൊരുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
തലസ്ഥാനത്തെ എൽഎംഎസ് കോംപൗണ്ടിൽ മറ്റൊരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിനെ കാണാൻ ഉദ്യോഗാർത്ഥികൾ പരാതിയുമായി വീണ്ടുമെത്തിയപ്പോഴാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്. സർക്കാർ പൂർണ്ണമായും അവഗണിച്ചതിനാൽ കോടതിയാണ് ഏക പ്രതീക്ഷയെന്ന് അവർ പറഞ്ഞു. ഉദ്യോഗാർത്ഥികളുടെ ആവശ്യ പ്രകാരം ഈ വിഷയത്തിൽ നിയമപരമായ പരിഹാരത്തിനുള്ള നടപടികൾ ആരംഭിച്ചതായും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
സെക്രട്ടറിയറ്റിന് മുന്നിൽ പ്രതിഷേധ സമരം നടത്തിവന്ന ഉദ്യോഗാർത്ഥികൾ ഒരു മാസം മുൻപ് ഇതേ പരാതിയുമായി രാജീവ് ചന്ദ്രശേഖറിനെ കണ്ടിരുന്നു. സംസ്ഥാന സർക്കാരിൻ്റെ അധികാര പരിധിയിൽ വരുന്ന വിഷയമായതിനാൽ അടിയന്തിര ശ്രദ്ധ പതിയണമെന്നാവശ്യപ്പെട്ട് അന്നു തന്നെ ഉദ്യോഗാർത്ഥികളുടെ പരാതി സഹിതം അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തുനൽകുകയും ചെയ്തു. എന്നാൽ കത്തിന് ഇതുവരെയും ഒരു മറുപടി പോലും ലഭിച്ചില്ലെന്നത് തികച്ചും ദൗർഭാഗ്യകരമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച കേരളത്തിലിപ്പോൾ പൊലീസ് റാങ്ക് ലിസ്റ്റിൽപ്പെട്ടവർക്കു പോലും നിയമനം ലഭിക്കാത്ത ദുരവസ്ഥയാണ് നിലനിൽക്കുന്നത്. ഇത് ഒരു തരത്തിലും അനുവദിക്കാവുന്നതല്ല.
സിദ്ധാർത്ഥിനെപ്പോലെ സമർത്ഥരായ യുവാക്കളെ ഒരു വശത്ത് കൊല്ലാക്കൊല ചെയ്ത് നശിപ്പിച്ച് സംസ്ഥാനത്തെ യുവാക്കളുടെ ഭാവിക്കു മേൽ കരിനിഴൽ വീഴ്ത്തുന്നത് ഒരു സർക്കാരിനും ഭൂഷണമല്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സിപിഒ റാങ്ക് ലിസ്റ്റ് പട്ടിക പുന:സ്ഥാപിച്ച് കാലാവധി നീട്ടണം. ഈ ലക്ഷ്യം നേടുന്നതുവരെ ഉദ്യോഗാർത്ഥികളുടെ സമരത്തിനൊപ്പം ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ അവർക്ക് ഉറപ്പ് നൽകി.