ഇറാനിലേക്കും ഇസ്രായേലിലേക്കും യാത്ര ചെയ്യരുത്; നിർദേശം പുറപ്പെടുവിച്ച് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഇറാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യന്‍ പൗരന്‍മാരോട് നിര്‍ദേശിച്ച് വിദേശകാര്യ മന്ത്രാലയം. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷ സാഹചര്യം മുന്‍നിര്‍ത്തിയാണ് ഈ രാജ്യങ്ങളിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇറാനിലോ ഇസ്രായേലിലോ താമസിക്കുന്ന ഇന്ത്യൻ പൗരൻമാർ അടുത്തുള്ള എംബസികളുമായി ബന്ധപ്പെടുകയും അവിടങ്ങളിൽ രജിസ്റ്റർ ചെയ്യുകയും വേണം. പൗരൻമാർ അതീവ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ യാത്ര ചെയ്യരുതെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

സിറിയയിലെ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയതിൽ തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പൗരൻമാർക്ക് ഇന്ത്യ നിർദേശം നൽകിയത്.

സിറിയയിലെ ഇറാന്റെ നയതന്ത്ര കാര്യാലയത്തില്‍ ഏപ്രില്‍ ഒന്നിന് നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മേഖയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായത്. ആക്രമണത്തിന്റെ പേരില്‍ ഇറാന്‍ ഇസ്രയേലിനെതിരേ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനേത്തുടര്‍ന്ന് ഇറാന്‍ ഇസ്രയേലിനുനേര്‍ക്ക് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ഇറാൻ, ലെബനാൻ, ഇസ്രായേൽ, ഫലസ്തീൻ എന്നിവിടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങളും പൗരൻമാരോട് ഉപദേശിച്ചിട്ടുണ്ട്.