പശ്ചിമ ബംഗാൾ ഭീകരരുടെ സുരക്ഷിത താവളമായെന്ന് ബി.ജെ.പി നേതാവ്; യു.പി സുരക്ഷിതമാണോയെന്ന് മമത; വാക്പോര്

കൊൽക്കത്ത: ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതികളെ കൊൽക്കത്തയിൽനിന്ന് അറസ്റ്റ് ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രി മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി. മമത ബാനർജിയുടെ കീഴിൽ പശ്ചിമ ബംഗാൾ ഭീകരരുടെ ‘സുരക്ഷിത താവളമായി’ മാറിയെന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു. സമൂഹ മാധ്യമമായ എക്‌സിലൂടെയായിരുന്നു അമിത് മാളവ്യയുടെ ആരോപണം.

പ്രതികളായ മുസാഫിര്‍ ഹുസൈന്‍ ഷാസിബ്, അബ്ദുള്‍ മതീന്‍ അഹമ്മദ് താഹ എന്നിവരെയാണ് ബംഗാളില്‍ നിന്ന് എന്‍.ഐ.എയും ബംഗാള്‍ പോലീസും സംയുക്ത ദൗത്യത്തിലൂടെ പിടികൂടിയത്.

അതേസമയം, അമിത് മാളവ്യയുടെ ആരോപണത്തിന് മറുപടിയുമായി മമത രംഗത്തെത്തി. ബംഗാളില്‍ സമാധാനമുള്ളത് ബി.ജെ.പിക്ക് സഹിക്കാനാകുന്നില്ലെന്ന് മമത പറഞ്ഞു.

‘അറസ്റ്റിലായവര്‍ ബംഗാള്‍ സ്വദേശികളല്ല. അവരിവിടെ ഒളിവില്‍ കഴിയുകയായിരുന്നു. വിവരംകിട്ടി രണ്ട് മണിക്കൂറിനകം അവര്‍ അറസ്റ്റിലായി. ബംഗാളില്‍ സമാധാനമുള്ളത് ബി.ജെ.പിക്ക് സഹിക്കാനാകുന്നില്ല. ഉത്തര്‍പ്രദേശും രാജസ്ഥാനും ബിഹാറും സുരക്ഷിതമായ സ്ഥലങ്ങളാണോ?’, മമത ബാനര്‍ജി ചോദിച്ചു.

ബി.ജെ.പി സംസ്ഥാനത്തിനെതിരെ അപവാദ പ്രചാരണം നടത്തുകയാണെന്നും അവർ കൂട്ടിച്ചേർത്തു. കൂച്ച് ബെഹാറിലെ ദിൻഹതയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത.