ശ്രീനഗര്‍: ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് സ്ഥാനാർഥികളായി. ബാരാമുള്ളയില്‍ നാഷണല്‍ കോണ്‍ഫറന്‍സ് ഉപാധ്യക്ഷന്‍ ഒമര്‍ അബ്ദുള്ള മത്സരിക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനം പാര്‍ട്ടി നടത്തി. ശ്രീനഗറില്‍ മുതിര്‍ന്ന നേതാവ് അഗാ സയ്യിദ് റൂഹുള്ളയും മത്സരിക്കും. നേരത്തെ, അനന്ത്‌നാഗ്- രജൗരിയില്‍ മിയാന്‍ അല്‍ത്താഫ് ലാര്‍വിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു.
നിലവില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ മുഹമ്മദ് അക്ബര്‍ ലോണാണ് ബാരാമുള്ളയിലെ സിറ്റിങ് എം.പി. പി.ഡി.പിയിലെ ഫയാസ് അഹമ്മദ് മിറിനോടും പീപ്പിള്‍സ് കോണ്‍ഫറന്‍സിലെ സജാദ് ലോണിനോടുമാണ് ഒമര്‍ അബ്ദുള്ള ഏറ്റുമുട്ടുന്നത്.
നാഷണല്‍ കോണ്‍ഫറന്‍സിന്റെ പരമ്പരാഗത മണ്ഡലമായി അറിയപ്പെടുന്ന ശ്രീനഗറില്‍ പി.ഡി.പിയിലെ വഹീദ് ഉര്‍റഹ്‌മാന്‍ പാരയോട് ഏറ്റുമുട്ടും. നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാപകനും അധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ളയും ഒമര്‍ അബ്ദുള്ളയും നേരത്തെ പലതവണ ഇവിടെ വിജയിച്ചിട്ടുണ്ട്.
അതേസമയം, ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി ഉടൻ പുനഃസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് കേവലം എംപിമാരെ തിരഞ്ഞെടുക്കാനുള്ളതല്ലെന്നും രാജ്യത്ത് ശക്തമായ ഒരു സർക്കാർ രൂപീകരിക്കാനുള്ള തെരഞ്ഞെടുപ്പാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളെ പ്രധാനമന്ത്രി വിമർശിക്കുകയും ചെയ്തു. “കോൺഗ്രസും നാഷണൽ കോൺഫറൻസും പിഡിപിയും മറ്റ് എല്ലാ പാർട്ടികളും ജമ്മു കശ്മീരിനെ പഴയ കാലത്തേക്ക് തിരികെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു. ഈ കുടുംബം നടത്തുന്ന പാർട്ടികൾ ജമ്മു കശ്മീരിന് ഉണ്ടാക്കിയത്ര നാശനഷ്ടങ്ങൾ ആരും ഉണ്ടാക്കിയിട്ടില്ല. ഇവിടെ രാഷ്ട്രീയ പാർട്ടി അർത്ഥമാക്കുന്നത് കുടുംബമാണ്” പ്രധാനമന്ത്രി മോദി പറഞ്ഞു.