ചെന്നൈ: ബിജെപി സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിലെ എൻഡിഎ സ്ഥാനാർഥിയുമായ കെ. അണ്ണാമലൈയ്ക്കെതിരെ പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയപരിധിയായ രാത്രി 10-നുശേഷം പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് കോയമ്പത്തൂർ പോലീസിന്റെ നടപടി.
അണ്ണാമലൈയ്ക്കൊപ്പം കോയമ്പത്തൂർ ജില്ലാ ബിജെപി സെക്രട്ടറി രമേശിനെയും എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമവിരുദ്ധമായി സംഘം ചേരൽ, അന്യായമായി തടഞ്ഞുനിർത്തൽ എന്നീ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
143, 341, 290 വകുപ്പുകൾ പ്രകാരമാണ് അണ്ണാമലൈക്കതിരെ കേസെടുത്തതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ബിജെപിക്കാർ അക്രമിച്ചെന്ന ഡിഎംകെ പ്രവർത്തകരുടെ പരാതിയിൽ മറ്റൊരു കേസുകൂടി റജിസ്റ്റർ ചെയ്തതായും അദ്ദേഹം പറഞ്ഞു. തോൽവി ഭയന്നാണ് അണ്ണാമലൈ അക്രമം അഴിച്ചുവിടുന്നതെന്ന് ഡിഎംകെ വക്താവ് എ. ശരവണൻ ആരോപിച്ചു.