ഹൈദരാബാദ്: ഐഎസ്എല്ലിൽ വിജയവഴിയിൽ തിരികെയെത്തി കേരളാ ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയെ പരാജയപ്പെടുത്തിയത്.
ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനായി മുഹമ്മദ് അയ്മന്, ദെയ്സുകെ സകായി, നിഹാല്‍ സുധീഷ് എന്നിവര്‍ ഗോളടിച്ചു. ജോയ വിക്ടറാണ് ഹൈദരാബാദിനായി ഗോളടിച്ചത്.
മത്സരത്തിന്റെ 34-ാം മിനിറ്റില്‍ വലതു വിങ്ങില്‍നിന്ന് സൗരവ് നല്കിയ ഒരു ക്രോസ് ഹെഡറിലൂടെ മുഹമ്മദ് ഐമന് വലയിലാക്കി. 51-ാം മിനിറ്റില്‍ ഡെയ്സുകെയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് ഇരട്ടിയാക്കി. സൗരവിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു രണ്ടാം ഗോളും. പകരക്കാരനായെത്തിയ നിഹാല്‍ മൂന്നാം ഗോളുമടിച്ചു. ഐമന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഈ ഗോള്‍. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ വിക്ടര്‍ ഹൈദരാബാദിന്റെ ആശ്വാസ ഗോളടിച്ചു.
തോറ്റെങ്കിലും കളിയിലുടനീളം മികച്ച പോരാട്ട വീര്യം കാഴ്ചവച്ചാണ് ഹൈദരാബാദ് മുട്ടുമടക്കിയത്. മത്സരത്തില്‍ പലതവണ ഹൈദരാബാദ് താരങ്ങള്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖം വിറപ്പിച്ചു. ബ്ലാസ്റ്റേഴ്സ് ഗോള്‍വലയെ ലക്ഷ്യമാക്കി ആറ് ഷോട്ടുകളാണ് ഹൈദരാബാദ് ഉതിര്‍ത്തത്. ബ്ലാസ്റ്റേഴ്സാവട്ടെ ഏഴ് തവണ ഹൈദരാബാദ് ഗോള്‍മുഖം ലക്ഷ്യമാക്കി ഷോട്ടുതിര്‍ത്തു.
ജയത്തോടെ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബ്ലാസ്റ്റേഴ്സ് 19ന് പ്ലേ ഓഫില്‍ ഒഡീഷയെ നേരിടും.