തിരുവനന്തപുരം: ഹയർസെക്കണ്ടറി അധ്യാപക സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് നടപടി. ഹോം സ്റ്റേഷൻ ലിസ്റ്റും അദേഴ്സ് ലിസ്റ്റും ട്രിബ്യൂണൽ റദ്ദാക്കി. ഒരു മാസത്തിനകം കരട് പട്ടിക തയ്യാറാക്കാൻ നിർദ്ദേശിച്ചു.
ജൂൺ ഒന്നിന് മുമ്പ് അന്തിമ പട്ടികയും പ്രസിദ്ധീകരിക്കണം. ട്രിബ്യൂണൽ നിർദ്ദേശം മറികടന്ന് ലിസ്റ്റ് ഇറക്കിയ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനും ഉത്തരവിട്ടു. സ്വന്തം നിലക്ക് ഉത്തരവിറക്കിയ സർക്കാറിന് ട്രിബ്യൂണൽ ഉത്തരവ് തിരിച്ചടിയാണ്.
ഫെബ്രുവരി രണ്ടിന് പ്രസിദ്ധീകരിച്ച പട്ടിക അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരുന്നു. തുടർന്ന് സ്ഥലംമാറ്റത്തിലെ തടസം നീക്കാൻ സർക്കാർ വീണ്ടും ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. സ്ഥലംമാറ്റത്തിനായി ഇറക്കിയ മാനദണ്ഡങ്ങളിൽ മാറ്റംവരുത്താൻ കഴിയ്യില്ല, മാനദണ്ഡത്തിൽ മാറ്റം വരുത്തുകയാണെങ്കിൽ വീണ്ടും അപേക്ഷ ക്ഷണിക്കേണ്ടതായി വരും എന്നതായിരുന്നു കടമ്പ. ട്രൈബ്യൂണൽ മുമ്പാകെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി സ്ഥലംമാറ്റം ഈ വർഷം തന്നെ നടത്താനായിരുന്നു സർക്കാർ തീരുമാനം. അധ്യാപകരുടെ മാതൃജില്ലയ്ക്ക് പുറത്തുള്ള സർവീസ് സീനിയോറിറ്റി പരിസര ജില്ലകളിലേക്ക് കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഏതാനും അധ്യാപകർ സമർപ്പിച്ച ഹരജിക്ക് പിന്നാലെയായിരുന്നു ഉത്തരവ് ട്രൈബ്യൂണൽ തടഞ്ഞത്.