ടെഹ്‌റാന്‍: സിറിയയിലെ ഇറാന്‍ എംബസി ആക്രമിച്ചതിനു തിരിച്ചടിയായി ഇസ്രയേലിന്റെ മണ്ണില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇറാന്‍ ആക്രമണം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇറാനിലെ ഉന്നതനേതൃത്വവുമായി ബന്ധമുള്ളവരെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്റെ ആക്രമണപദ്ധതി പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ പരിഗണനയിലാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാന്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ആക്രമണം മുന്നില്‍ക്കണ്ട് ഇസ്രയേല്‍ അതീവജാഗ്രതയിലാണ്. ആക്രമണമുണ്ടായാൽ പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനും തങ്ങൾ തയ്യാറാണെന്ന് ഇസ്രയേലും വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു യുദ്ധകാല മന്ത്രിസഭയുടെ യോഗം വിളിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടുണ്ട്.
സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാന്‍ എംബസി കെട്ടിടത്തിനു നേരെ ഇസ്രയേല്‍ ഏപ്രില്‍ ഒന്നിനു നടത്തിയ വ്യോമാക്രമണത്തില്‍ ഉന്നത ഇറാന്‍ സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം മൂര്‍ഛിച്ചത്.
ഗാസയിൽ ഹമാസുമായി യുദ്ധം തുടരുന്നതിനിടയിലാണ് പഴയകാല എതിരാളിയായ ഇറാന്റെ ഭീഷണിയും ഇസ്രയേലിന് നേരിടേണ്ടിവരുന്നത്. നിലവിൽ ഗാസയിൽ ഇസ്രയേൽ ശക്തമായ ആക്രമണം തുടരുകയാണെന്നാണ് വിവരം.