നവീകരിച്ച മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം. ഇന്നലെ രാത്രി ചെമ്പഴന്തി സ്വദേശി ധനു കൃഷ്ണക്ക് വെട്ടേറ്റു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ധനുകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇയാളെ വെട്ടിയ ഷെമീറും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയും പൊലീസിന്റെ കസ്റ്റഡിയിലാണ്.
രാത്രി ഒന്നരയോടെയാണ് സംഭവം. റീല്‍സ് ചിത്രീകരിക്കുന്നതിനിടെയാണ് തര്‍ക്കമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. എല്ലാവരും മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറയുന്നു. റീല്‍സ് എടുക്കുന്ന വിഷയവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ചെമ്പഴന്തിയില്‍ നിന്നു വന്ന മൂന്നംഗ സംഘം റീല്‍സ് എടുക്കുമ്പോള്‍ മറ്റൊരു സംഘത്തിലെ ചെറുപ്പക്കാരന്‍ മൂന്നംഗ സംഘത്തിലെ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതാണ് ആക്രമണത്തിലേക്ക് നീങ്ങിയത്.
തുടര്‍ന്ന് ഒരു വിഭാഗത്തിന്റെ കൈയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് കഴുത്തില്‍ വെട്ടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സംഘത്തിലുള്ളവരെയെല്ലാം പോലീസ് പിടിച്ചിട്ടുണ്ടെങ്കിലും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. നിരന്തര സംഘര്‍ഷത്തെ തുടര്‍ന്ന് മാനവീയം വീഥിയില്‍ നേരത്തെ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇപ്പോള്‍ അതെല്ലാം അയഞ്ഞ മട്ടാണ്.
പൊലീസ് നിയന്ത്രണങ്ങള്‍ കുറഞ്ഞതോടെ ലഹരി സംഘങ്ങള്‍ വീണ്ടും മാനവീയം വീഥി താവളമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചുമതലയുള്ളതിനാല്‍ കൂടുതല്‍ പൊലീസുകാരെ ഇവിടെ വിന്യസിക്കാന്‍ സാധിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്. സിസിടിവി ഇല്ലാത്ത ഭാഗം നോക്കിയാണ് സംഘങ്ങള്‍ ഒത്തുചേരുന്നത്. 12 മണിക്ക് ശേഷം ഇവിടെ നിന്ന് പിരിഞ്ഞു പോകണമെന്ന് നിര്‍ദ്ദേശമുണ്ട്.
അതിന് തയ്യാറാകാതെ ഇവിടെ തുടര്‍ന്ന യുവാക്കളാണ് ഇന്നലത്തെ കുറ്റകൃത്യത്തിന്റേയും കാരണക്കാര്‍. മാനവീയം വീഥിയില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സംഘങ്ങള്‍ ബുദ്ധി പൂര്‍വ്വം ക്യാമറകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ മാത്രമേ തമ്പടിക്കാറുള്ളൂ. അതുകൊണ്ടു തന്നെ ആക്രമണങ്ങളും, സാമൂഹ്യ വിരുദ്ധ പരിപാടികളും അറിയാന്‍ വൈകുന്നുണ്ട്.