ഫെസ്റ്റിവൽ എന്തും ആകട്ടെ, സദ്യയുണ്ടെങ്കിൽ പായസം നിർബന്ധമാണ്. പായസമെന്ന് കേൾക്കുമ്പോൾ പ്രഥമൻ ആകും എല്ലാവരുടെയും മനസ്സിൽ വരുന്നത്. എപ്പോഴും പ്രഥമൻ തന്നെയല്ലേ, ഇത്തവണ ഒന്ന് മാറ്റിപിടിച്ചാലോ? ഈ വര്‍ഷത്തെ സദ്യക്ക് പ്രഥമനേക്കാള്‍ ടേസ്റ്റില്‍ അല്‍പം വെറൈറ്റിയായി ചേനപ്പായസം തയ്യാറാക്കാം.
ആവശ്യമായ ചേരുവകള്‍
- ചേന – കാല്‍ക്കിലോ
- ചെറുപയര്‍ – 150 ഗ്രാം
- ചൗവ്വരി – 150 ഗ്രാം
- തേങ്ങാപ്പാല്‍ -നാല് കപ്പ്
- ശര്‍ക്കര- മധുരത്തിന് അനുസരിച്ച്
- നെയ്യ് – ആവശ്യത്തിന്
- അണ്ടിപ്പരിപ്പ്, മുന്തിരി- വറുത്തിടാന്‍ പാകത്തിന്
- ചുക്ക്, ജീരകം – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ചേന നല്ലതുപോലെ തൊലികളഞ്ഞ് വേവിച്ച് ഉടച്ച് മാറ്റി വെക്കുക. പിന്നീട് ചെറുപയര്‍ അധികം മൂത്തുപോകാതെ വറുത്ത് കോരുക. ചൗവ്വരി നല്ലതുപോലെ വേവിച്ച് മാറ്റി വെക്കണം. പിന്നീട് ചെറുപയര്‍ പരിപ്പ് തേങ്ങ പിഴിഞ്ഞ് മാറ്റി വെച്ച മൂന്നാം പാല്‍ രണ്ട് കപ്പ് എടുത്ത് അതില്‍ നല്ലതുപോലെ വേവിച്ചെടുക്കുക. ചെറുപയര്‍ പരിപ്പ് നല്ലതുപോലെ വെന്ത് വരുമ്പോള്‍ അതിലേക്ക് വേവിച്ച് ഉടച്ച് വെച്ചിരിക്കുന്ന ചേന ചേര്‍ക്കുക. പിന്നീട് രണ്ടാം പാലും ചേര്‍ത്ത് നല്ലതുപോലെ തിളപ്പിക്കണം. ഇത് അല്‍പം വറ്റിക്കഴിഞ്ഞാല്‍ അതിലേക്ക് ചൗവ്വരി ചേര്‍ക്കുക. ഇതെല്ലാം നല്ലതുപോലെ തിളച്ച് വരണം.
ശേഷം ശര്‍ക്കര പാനിയാക്കി വെക്കേണ്ടതാണ്. ശേഷം ശര്‍ക്കരപ്പാനി ഇതിലേക്ക് ചേര്‍ക്കുക. പിന്നീട് ഒരു പാനില്‍ നെയ്യ് എടുത്ത് അണ്ടിപ്പരിപ്പും കിസ്മിസും നല്ലതുപോലെ വറുത്ത് കോരുക. പായസം നല്ലതുപോലെ തിളച്ച് വരുമ്പോള്‍ അതിലേക്ക് അണ്ടിപ്പരിപ്പും മുന്തിരിങ്ങയും വറുത്ത് വെച്ചത് ചേര്‍ക്കുക. അവസാനമായി അല്‍പം ജീരകവും ചുക്കും പൊടിച്ചതും ചേര്‍ക്കുക. സദ്യക്ക് വിളമ്പാന്‍ നല്ല കിടിലന്‍ പായസം തയ്യാര്‍. ഈ വര്‍ഷം ചേനപ്പായസം തയ്യാറാക്കിയാല്‍ അടുത്ത വര്‍ഷവും നിങ്ങള്‍ അത് തന്നെ തയ്യാറാക്കും. അത്രയും ടേസ്റ്റ് ആണ് ഇത്. എല്ലാവര്‍ക്കും മലയാളം ബോള്‍ഡ്‌സ്‌കൈയുടെ ഓണാശംസകള്‍.