ഒരുഗ്രൻ വറുത്തരച്ച സാമ്പാര്‍ തയ്യാറാക്കാം എളുപ്പത്തില്‍

സദ്യയുടെ കാര്യത്തില്‍ നാം അല്‍പം ശ്രദ്ധിക്കണം. കാരണം നാട് മാറുന്തോറും സദ്യയുടെ വിഭവങ്ങളിലും മാറ്റം വരുന്നു. എന്നാല്‍ എന്തൊക്കെ മാറ്റങ്ങൾ വന്നാലും മാറാതെ നിൽക്കുന്ന ഒരു വിഭവമാണ് സാമ്പാര്‍. സാമ്പാർ പലവിധത്തിൽ തയ്യറാക്കാം. ഓരോ ഭാഗത്തേക്ക് ഓരോ സ്റ്റൈൽ ആണെന്ന് മാത്രം. എന്നാല്‍ ഈ വിഷുവിന് അല്‍പം സ്‌പെഷ്യലായി വറുത്തരച്ച സാമ്പാര്‍ വെച്ചാലോ? ഈ വിഷുസദ്യ കേമമാക്കാന്‍ വറുത്തരച്ച സാമ്പാർ തയ്യാറാക്കാം.

ആവശ്യമായ ചേരുവകൾ

  • കാരറ്റ്
  • പടവലങ്ങ
  • മത്തങ്ങ
  • മുരിങ്ങക്കായ
  • വെണ്ടക്ക
  • പച്ചക്കായ
  • ചേന
  • ഉരുളക്കിഴങ്ങ്
  • ഉള്ളി
  • ചെറിയ ഉള്ളി
  • വഴുതനങ്ങ
  • തക്കാളി
  • വെള്ളരിക്ക
  • പരിപ്പ് – ഒരു പിടി
  • മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
  • ഉപ്പ്- പാകത്തിന്
  • കറിവേപ്പില- പാകത്തിന്
  • തേങ്ങ – ഒന്ന്
  • ജീരകം – കാല്‍ ടീസ്പൂണ്‍
  • ഉലുവ – കാല്‍ ടീസ്പൂണ്‍
  • കായം- ഒരു കഷ്ണം
  • മുളക് പൊടി- രണ്ട് ടീസ്പൂണ്‍
  • മല്ലിപ്പൊടി – നാല് ടീസ്പൂണ്‍
  • വെളുത്തുള്ളി – 5-6 എണ്ണം
  • പുളി – പാകത്തിന്

തയ്യറാക്കുന്ന വിധം

പരിപ്പ് നല്ലതുപോലെ കഴുകി വൃത്തിയാക്കി അതില്‍ അല്‍പം വെളിച്ചെണ്ണ ഒഴിച്ച് ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. പരിപ്പ് നല്ലതുപോലെ വേവിച്ച ശേഷം ഇതിലേക്ക് തക്കാളിയും വെണ്ടക്കയും ഒഴികേയുള്ള പച്ചക്കറികള്‍ അല്‍പം മഞ്ഞള്‍പ്പൊടിയും ഉപ്പും അര ടീസ്പൂണ്‍ മുളക് പൊടിയും ചേർത്ത് നല്ലതുപോലെ തിളപ്പിച്ച് മാറ്റിവെക്കുക. ഒരു പാന്‍ എടുത്ത് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് തേങ്ങ ചിരകിയത് ഇടുക. ഇതിലേക്ക് ജീരകം, ഉലുവ, വെളുത്തുള്ളി, കറിവേപ്പില, ചെറിയ ഉള്ളി, കറിവേപ്പില എന്നിവയെല്ലാം കൂടി മിക്‌സ് ചെയ്ത് വറുത്തെടുക്കുക.

തേങ്ങ ചുവന്ന നിറമായി വരുമ്പോള്‍ അതിലേക്ക് മുളക് പൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക. ഇത് നല്ലതുപോലെ വറുത്ത് വരുമ്പോള്‍ വാങ്ങി വെച്ച് തണുത്ത ശേഷം വെള്ളം തൊടാതെ നല്ലതുപോലെ അരച്ചെടുക്കണം. ഇത് നല്ലതുപോലെ അരച്ച് എടുത്ത് നമ്മള്‍ വേവിച്ച് വെച്ചിരിക്കുന്ന പച്ചക്കറിയിലേക്ക് ചേര്‍ക്കുക. ഇത് നല്ലതുപോലെ തിളച്ച് വരുമ്പോള്‍ അതിലേക്ക് പാകത്തിന് ഉപ്പ് ചേര്‍ക്കണം. എല്ലാം നല്ലതുപോലെ ചേര്‍ത്ത് വരുമ്പോള്‍ അല്‍പം സാമ്പാര്‍ പൊടിയും ചേര്‍ക്കുക. ഇത് നല്ലതുപോലെ തിളച്ച് സെറ്റ് ആയി വരുമ്പോള്‍ പാകത്തിന് കായപ്പൊടിയും ചേര്‍ക്കുക. തീ ഓഫ് ചെയ്തതിന് ശേഷം ഒരു പാനില്‍ അല്‍പം വെളിച്ചെണ്ണ ഒഴിച്ച് ഇതിലേക്ക് കടുകും മുളകും കറിവേപ്പിലയും വറുത്തിടുക. ഇത് കൂടാതെ അവസാനമായി അല്‍പം മല്ലിയില കൂടി വിതറുക. നല്ല സ്വാദുള്ള വറുത്തരച്ച സാമ്പാര്‍ റെഡി.