എറണാകുളം: ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെ അക്കൗണ്ട് മരവിപ്പിക്കാൻ ഉത്തരവിട്ട് കോടതി. എറണാകുളം സബ് കോടതിയുടേതാണ് നടപടി. നിർമ്മാണ കമ്പനിയായ പറവ ഫിലിംസിന്റേയും, പാർട്ണർ ഷോൺ ആന്റണിയുടെയും ബാങ്ക് അക്കൗണ്ട് ആണ് മരവിപ്പിച്ചത്.
അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ് പുറത്തിറക്കിയത്. സിനിമക്കായി ഏഴു കോടി മുടക്കിയെങ്കിലും, ലാഭവിഹിതമോ മുടക്ക് മുതലോ നൽകാതെ കബളിപ്പിച്ചു എന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടി. ഹർജിയിൽ നിർമ്മാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്ക് നോട്ടീസ് അയച്ചു.
മലയാള സിനിമാ ചരിത്രത്തിൽ 200 കോടി ക്ലബിൽ ഇടം നേടുന്ന ആദ്യ ചിത്രമാണു മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22 നാണ് ചിത്രം റിലീസ് ചെയ്തത്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് സിനിമ നിർമ്മിച്ചത്.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.