വിവാദമായ ജെസ്‌ന തിരോധാന കേസില്‍ ഈ മാസം 19ന് കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്നും ജെസ്‌നയുടെ പിതാവ്. എന്നാല്‍, ജെസ്‌നയുടെ തിരധാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വര്‍ഗീയ ആരോപണങ്ങള്‍ പിതാവ് തള്ളുകയുടെ ചെയ്തു. ലൗ ജിഹാദ് അടക്കമുള്ള വര്‍ഗീയ ആരോപണങ്ങളെ തള്ളുകയാണ്. കേസില്‍ വര്‍ഗീയ മുതലെടുപ്പിന് ശ്രമം നടന്നുവെന്നും അദ്ദേഹം പറയുന്നു. ജെസ്നയുടെ തിരോധാനത്തിലെ ചുരുളുകള്‍ മുണ്ടക്കയം ഭാഗത്ത് തന്നെയുണ്ട്. അവര്‍ കേരളം വിട്ടുപോയിട്ടില്ല.
കേസില്‍ ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചു. കേസന്വേഷിച്ച സിബിഐയെ കുറ്റപ്പെടുത്താനില്ല. അവര്‍ തങ്ങള്‍ സംശയിക്കുന്ന ജെസ്‌നയുടെ സുഹൃത്തിന്റെയടക്കം നുണ പരിശോധന നടത്തി. ജസ്‌ന ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലെങ്കിലും തന്നെ ബന്ധപ്പെട്ടേനെ. സിബിഐ കേസ് അവസാനിപ്പിക്കാന്‍ പോകുന്നു എന്ന സാഹചര്യത്തിലാണ് ഞങ്ങള്‍ അന്വേഷണം ആരംഭിച്ചത്. ഏജന്‍സികള്‍ക്ക് സമാന്തരമായി തങ്ങള്‍ ഒരു ടീമായി അന്വേഷണം നടത്തിയിരുന്നു. എല്ലാ അന്വേഷണ റിപ്പോര്‍ട്ടുകളും താനും ടീമും ചേര്‍ന്ന് ക്രോസ് ചെക്ക് ചെയ്തു.
സിബിഐ വിട്ടുപോയ ചില കാര്യങ്ങളിലൂടെ ഞങ്ങള്‍ അന്വേഷണം നടത്തിയെന്നും ജെസ്‌നയുടെ പിതാവ് പറഞ്ഞു. ജെസ്നയെ കണ്ടെത്താന്‍ സാധിച്ചില്ലെന്നും കേസ് അവസാനിപ്പിക്കുകയാണെന്നും കാണിച്ച് തിരുവനന്തപുരം സിബിഐ കോടതിയില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് പിതാവിന്റെ പ്രതികരണം. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും സിബിഐയും അടക്കം മൂന്നു അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചിട്ടും തെളിയിക്കാനാവാത്ത കേസിലാണ് ജെസ്‌നയുടെ പിതാവും സംഘവും അന്വേഷണം നടത്തിയത്.
നിര്‍ണ്ണായകമായ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഈ മാസം 19ന് ലഭിച്ച തെളിവുകളും വിവിരങ്ങളും നല്‍കുമെന്നാണ് അദ്ദേഹം പറയുന്നത്. 2018 മാര്‍ച്ച് 22നാണ് പത്തനംതിട്ട കൊല്ലമുള്ള സന്തോഷ്‌കവല കുന്നത്തുവീട്ടില്‍ ജയിംസ് ജോസഫ് – ഫാന്‍സി ജയിംസ് ദമ്പതികളുടെ മൂന്നു മക്കളില്‍ ഏറ്റവും ഇളയവളായ ജെസ്നയെ കാണാതാകുന്നത്. മുണ്ടക്കയത്തെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ജെസ്ന വീടുവിട്ടിറങ്ങിയത്.
കാണാതാകുമ്പോള്‍ ജെസ്‌നയ്ക്ക് 20 വയസ്സായിരുന്നു. കാഞ്ഞിരപ്പള്ളി ഡൊമിനിക് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായിരുന്നു. എരുമേലി വരെ ബസില്‍ വന്നതിന് തെളിവുണ്ട്. ചാത്തന്‍തറ-കോട്ടയം റൂട്ടില്‍ ഓടുന്ന ബസിലാണ് ജെസ്നയെ അവസാനമായി കണ്ടത്. മുക്കൂട്ടുതറയില്‍ നിന്ന് ബസില്‍ കയറിയ ജെസ്ന, ആറു കിലോമീറ്റര്‍ അകലെ എരുമേലി ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി. പിന്നീട് മുണ്ടക്കയം ബസില്‍ കയറി പോയെന്നാണ് പറയപ്പെടുന്നത്. ശേഷം ജെസ്ന എങ്ങോട്ടുപോയെന്ന് ആര്‍ക്കുമറിയില്ല. ആരും കണ്ടിട്ടുമില്ല.
മൊബൈല്‍ ഫോണ്‍ വീട്ടില്‍ വെച്ചിട്ടായിരുന്നു ജെസ്ന പോയത്. 2018 മാര്‍ച്ച് 22ന് ജെസ്നയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് ജയിംസ് വെച്ചൂച്ചിറ, എരുമേലി പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കി. ആദ്യം വെച്ചൂച്ചിറ പോലീസ് അന്വേഷിച്ച കേസില്‍, തുമ്പൊന്നും കിട്ടാതെ വന്നതോടെ പ്രതിഷേധമുയര്‍ന്നു. തുടര്‍ന്ന് 2018 ഏപ്രിലില്‍ തിരുവല്ല ഡി.വൈ.എസ്.പി ചന്ദ്രശേഖരന്‍ പിള്ളയുടെ നേതൃത്വത്തില്‍ പുതിയ സംഘം അന്വേഷണം ആരംഭിച്ചു. ജെസ്നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പോലീസ് രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. എന്നിട്ടും തുമ്പൊന്നും കിട്ടിയില്ല.
പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ 2018 മെയ് 27ന് മറ്റൊരു അന്വേഷണ സംഘം രംഗത്തിറങ്ങി. ജെസ്നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കുള്ള പാരിതോഷികം രണ്ടു ലക്ഷത്തില്‍ നിന്ന് അഞ്ചു ലക്ഷമായി ഉയര്‍ന്നു. കാണാതായ ദിവസം ജെസ്നയെ ഫോണില്‍ വിളിച്ച ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്യുകയും ജെസ്നയുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടന്നു.
പക്ഷേ, ആണ്‍സുഹൃത്തിന് കേസില്‍ റോളൊന്നുമില്ലെന്ന് പോലീസിനു മനസിലായി. അന്വേഷണം വഴിമുട്ടിയതോടെ കേരള പോലീസിന്റെ അന്വേഷണത്തില്‍ ജെസ്‌നയുടെ കുടുംബത്തിന് പ്രതീക്ഷ നഷ്ടപ്പെട്ടു. കേസ് സിബിഐയെ ഏല്‍പ്പിക്കണം എന്നാവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. കേസ് സിബിഐയ്ക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. 2021മാര്‍ച്ച് 21 കേസ് സിബിഐ ഏറ്റെടുത്തു. ഇതിനിടയില്‍ പെണ്‍കുട്ടി തീവ്രവാദ സംഘടയില്‍ ചേര്‍ന്നെന്നും മതപരിവര്‍ത്തനം നടത്തിയെന്നും പ്രചാരണമുണ്ടായി.
എന്നാല്‍, ഈ പ്രചാരണങ്ങള്‍ സിബിഐ തള്ളി. 2022 മാര്‍ച്ച് 31ന് സിബിഐ ജെസ്നയെ കണ്ടെത്താനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. ഇന്റര്‍പോള്‍ളിന്റെ സഹായം തേടി. 191 രാജ്യങ്ങളില്‍ ജെസ്നയെ തിരഞ്ഞ് യെല്ലോ നോട്ടീസ് നല്‍കി. എന്നിട്ടും ജെസ്‌നയുടെ തിരോധാനത്തെ കുറിച്ചുള്ള ഒരു വിവരവും ലഭിച്ചില്ല. ഇതിനെല്ലാം ഉത്തരം ജെസ്‌നയുടെ പിതാവില്‍ നിന്നും ഈ മാസം 19ന് ലഭിക്കുമെന്നാണ് വിശ്വാസം