ഡ്രൈ മസാലയിൽ കൈപ്പത്തി വലുപ്പമുള്ളൊരു പാര മീൻ മസാല പിടിയ്ക്കാനുള്ള ശ്രമത്തിലാണ്. തിളച്ചു മറിയുന്ന എണ്ണയിലേക്ക് ഞണ്ടും, കൊഴുവയും ഫ്രൈ ആകുവാനുള്ള ഒരുക്കത്തിലാണ്. വിഴിഞ്ഞത്തെ തമ്പുരാൻ ഹോട്ടലിന്റെ അടുക്കളയിലേക്ക് നോക്കുമ്പോൾ വലിയൊരു കൂട്ട് കുടുംബത്തിൽ കേൾക്കുന്ന ത്തെ തിരക്കും ബഹളവുമാണ് അനുഭവിക്കുവാൻ കഴിയുക. വറക്കുന്നതിന്റെയും, കറി വയ്ക്കുന്നതിന്റെയും മണമിങ്ങനെ മൂക്കിന്റെ തുമ്പിൽ അടിച്ചു കയറും.
സമുദ്ര വിഭവങ്ങൾ പ്രിയപ്പെട്ടവരാണോ നിങ്ങൾ? എങ്കിൽ ധൈര്യമായി തമ്പുരാൻ ഹോട്ടലിലേക്ക് വരാം. ഊണും സമുദ്ര വിഭവങ്ങളുമാണിവിടുത്തെ സ്‌പെഷ്യൽ ഐറ്റംസ്. വിഴിഞ്ഞം, കോവളം ആസ്വദിക്കുവാൻ വരുന്നവരുടെ സ്ഥിരം സ്ഥലമാണ് ഈ ഹോട്ടൽ.
പണ്ടൊക്കെ അമ്മമാർ മീൻ നന്നാക്കാൻ ഇരിക്കുമ്പോൾ ഇടയ്ക്കൊന്നു പോയി നോക്കും. കൂട്ടത്തിൽ മീൻ മുട്ട കിട്ടുമോ എന്ന്. മീൻ മുട്ടയുണ്ടെങ്കിൽ നീട്ടിയൊരു വിളി വരും ഒരു ചെറിയ പാത്രമിങ്ങെടുക്കു, മീൻ മുട്ടയുണ്ട്.
മീൻ കറി വയ്ക്കാൻ ഒരു അടുപ്പിലേക്ക് കയറ്റുമ്പോൾ അപ്പുറത്തെ അടുപ്പിൽ കുറച്ചു മസാലയൊക്കെ ഇട്ട് മീൻ മുട്ട വറക്കാൻ കയറ്റി വയ്ക്കും. അതിനിടയിൽ അമ്മ പല ജോലികളും ചെയ്യും. ഫ്രൈ ചെയ്യാനുള്ള മീനിലേക്ക് മസാല ചേർത്ത് മൂടി വയ്ക്കും, മീൻ കറി തിളച്ചു വറ്റിയോ എന്ന് നോക്കും. വറത്ത മീൻ മുട്ട കിട്ടുന്നത് വരെ കുട്ടികൾ അടുക്കളയിൽ തന്നെ നിൽക്കും
തമ്പുരാൻ ഹോട്ടലിൽ വറക്കാൻ വച്ചിരിക്കുന്ന മീൻ മുട്ടകൾ കണ്ടപ്പോൾ പണ്ടത്തെ വീടിന്റെ അടുക്കളയാനെനിക്ക് ഓർമ്മ വന്നത്. മുളക്പൊടിയും, മറ്റു മസാലകളും ഇട്ട് മീൻ മുട്ട അടുപ്പിലേക്ക് കയറ്റിയുണ്ട്. ഇവിടെ നിരവധി സമുദ്ര വിഭവങ്ങളുണ്ട്.
ആരാധകർ ഒരുപാടുള്ള വിഭവങ്ങളാണ് ഞണ്ടു ഫ്രൈയും, കരിമീനും. വാഴയിലയിൽ പൊള്ളിക്കുന്ന മീനാണ് വേറൊരു പ്രിയപ്പെട്ട ഐറ്റം. തക്കാളിയും സബോളയും ചേർത്ത മസാല തേച്ചു പിടിപ്പിച്ച മീനിലേക്ക് ഒന്നോ രണ്ടോ തുള്ളി നാരങ്ങ നീരും ചേർത്ത് ഇലയിൽ കെട്ടി പൊള്ളിച്ചെടുക്കും.
ഓരോ വാഴയില തുറക്കുമ്പോഴും വാടിയ വാഴയിലയുടെയും, വെന്ത മീനിന്റെയും മണമിങ്ങനെ നിങ്ങളെ ചുറ്റി പറ്റി നിൽക്കും. ആവശ്യക്കാരുള്ള മറ്റൊരു വിഭവം ചുട്ട മീനാണ്. നല്ല കനലിൽ വെന്ത മീൻ അടർത്തുമ്പോൾ തന്നെ വായിൽ രുചി മുകുളങ്ങൾ തയാറെടുക്കും. മുരിങ്ങയ്ക്കയിട്ട മീൻ കറി കഴിക്കുമ്പോൾ വീട്ടിലെ മീൻ കറി കഴിക്കുന്നത് പോലെ തോന്നും. മത്തി, കണവ, കൊഴുവ, ചൂര,പാര, കൊഞ്ചു തീയൽ എന്നിവയൊക്കെ ഇവിടെ ലഭ്യമാണ് .
ക്യാബേജ് തോരൻ പലർക്കും ഇഷ്ട്ടമല്ല എന്നാൽ ഇവിടുത്തെ ക്യാബേജ് തോരൻ കുറച്ചു വ്യത്യസ്തമാണ്. നിറയെ വറ്റൽ മുളകും, കറിവേപ്പിലയും ഉള്ളിയുമിട്ട് തയാറാക്കുന്ന ഈ തോരന് രുചി കുറച്ചു കൂടുതലാണ്. ഇവിടുത്തെ ക്യാബേജ് തോരൻ കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നും.
ഊണാണ് ഇവിടെ പ്രധാനമായും ഉള്ളത്. പരിപ്പ് കറി, കാപ്പക്കറി, സാമ്പാർ, തോരൻ, കൂട്ട് കറി, പുളിശ്ശേരി, അച്ചാർ അങ്ങനെ നീണ്ടു പോകുന്നു ഊണിന്റെ ലിസ്റ്റ്. ഊണിനൊപ്പം ഒഴിച്ച് കൂട്ടാനായി തേങ്ങയരച്ച മീൻ കരി ലഭിക്കും. മീൻ ആവശ്യാനുസരണം ഫ്രൈ ചെയ്തു തരുന്നതാണ്. ഇവിടുന്നു കഴിച്ചിറങ്ങുമ്പോൾ നല്ലൊരു സീ ഫുഡ് കഴിച്ചിറങ്ങിയ ആത്മസംതൃപ്തി തോന്നും
സ്ഥലം തമ്പുരാൻ ഹോട്ടൽ , ആഴാകുളം, വിഴിഞ്ഞം
ബന്ധപ്പെടുവാൻ 8086008896