“മമ്മുക്ക” സൂപ്പറാണ് !! : താര രാജാവിന്റെ പേരില്‍ കാറും രജിസ്റ്റര്‍ ചെയ്തിരിക്കുന്നു അങ്ങ് കാനഡയില്‍; പക്ഷെ, മമ്മുക്കയ്ക്ക് ഇപ്പോഴും 369 തന്നെ

“കാറിന് ഒരു നമ്പര്‍ വേണം”. “നമ്പറില്ല, പേരു പറയൂ ?”. എന്നാപ്പിന്നെ നമ്മുടെ താര രാജാവിന്റെ പേരുതന്നെ ഇരുന്നോട്ടെ. ‘മമ്മുക്ക’. അങ്ങനെ പുതിയ കാറിന്റെ പേര് “മമ്മുക്ക” എന്ന് രജിസ്റ്റര്‍ ചെയ്തിറക്കി. സംഭവം നടക്കുന്നത് ഇവിടൊന്നുമല്ല, അങ്ങ് കാനഡയിലാണ്. അതും മമ്മൂട്ടിയുടെ ‘മധുരരാജ’ എന്ന സിനിമ നിര്‍മ്മിച്ച നെല്‍സണ്‍ ഐപ്പാണ് ഈ കൃത്യം നിര്‍വഹിച്ചിരിക്കുന്നത്. എന്തായാലും താര രാജാവിന്റെ പേരുള്ള കാറോടിക്കുന്നത്, നെല്‍സണ്‍ ഐപ്പിന്റെ മകനാണ്.

ഫെയ്‌സ്ബുക്കിലൂടെ നെല്‍സണ്‍ തന്നെയാണ് പുതിയ കാറിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. കാനഡയിലെ കിയയുടെ ഷോറൂമില്‍ നിന്നുള്ളതാണ് ചിത്രം. എന്തായാലും കാനഡയിലെ ‘മമ്മൂക്ക’ കാര്‍ ആരാധകരുടെ മനം കവര്‍ന്നിട്ടുണ്ട്. നിരവധി പേരാണ് ഫോട്ടോ പോസ്റ്റ് ചെയ്ത് സന്തോഷം പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ഏറ്റവും വലിയ ബോക്‌സ് ഓഫിസ് ഹിറ്റുകളില്‍ ഒന്നാണ് വൈശാഖ് സംവിധാനം ചെയ്ത മധുരരാജ. നെല്‍സണ്‍ ഐപ്പാണ് ചിത്രം നിര്‍മ്മിച്ചത്.

ഇനി കാനഡിയിലും കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ മമ്മുക്ക നിറഞ്ഞു നില്‍ക്കും. മധുര രാജ കൂടാതെ ചാട്ടുളി എന്ന സിനിമയും നെല്‍സണ്‍ നിര്‍മ്മിച്ചിട്ടുണ്ട്. 2012ല്‍ ദിലീപ് നായകനായി എത്തിയ മിസ്റ്റര്‍ മരുമകന്‍ ആണ് ആദ്യ നിര്‍മ്മാണ സംരഭം. ഇതിന് ശേഷമാണ് 2018ല്‍ വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന ചിത്രം നിര്‍മ്മിക്കുന്നത്. അല്ലെങ്കിലും ആര്‍ക്കാണ് മമ്മൂട്ടി എന്ന മുഹമ്മദ് കുട്ടിയെ ഇഷ്ടമല്ലാത്തത്. ഈ പ്രായത്തിലും നിവര്‍ന്നൊന്ന് നിന്നാല്‍, ആരാണ് നോക്കാത്തത്.

അത്രയേറെ മമ്മൂട്ടി എന്ന നടന്‍ മലയാളികളെ കൊതിപ്പിക്കുന്നുണ്ട്. അദ്ദേഹം കേരളത്തിന്റെ അഭിമാനം കൂടിയാണ്. ദീര്‍ഘനാള്‍ മലയാളികള്‍ക്കൊപ്പം ജീവിക്കാന്‍ ആയുസ്സ് കൊടുക്കണമേ എന്ന് അമ്പലങ്ങളിലും പള്ളികളിലും പ്രാര്‍ത്ഥിക്കുന്ന എത്രയോപേരുണ്ട് ലോകത്തില്‍. ലോകത്തെവിടെയുമുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് മമ്മുക്ക. മലയാള സിനിമാ ചരിത്രത്തില്‍ തങ്കലിപികളിലാണ് ആ പേര് എഴുതി ചേര്‍ത്തിരിക്കുന്നത്. ആ പേരില്‍ ഒരു കാര്‍ രജിസ്റ്റര്‍ ചെയ്യാനായത് വലിയ ഭാഗ്യം തന്നെയാണെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍.

എന്നാല്‍, മമ്മുക്കയുടെ ഭാഗ്യം വേറൊന്നാണ്. അത് ‘369’ എന്ന നമ്പറിലാണുള്ളത്. സ്വന്തം പേര് കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ രജിസ്റ്റര്‍ ചെയ്ത് കാനഡയില്‍ ഓടുമ്പോള്‍ മമ്മൂട്ടിയുടെ കാറിന്റെ നമ്പരെല്ലാം ‘369’ ആണ്. കാനഡയില്‍ ഭാഗ്യംകൊണ്ട് നെല്‍സണ്‍ ഐപ്പ് ‘മമ്മുക്ക’യെ സ്വന്തമാക്കുമ്പോള്‍, ഭാഗ്യത്തില്‍ വിശ്വാസമുള്ള മമ്മൂക്ക കാറുകള്‍ക്ക് 369 എന്ന നമ്പറിടുകയാണ്. ഒരു സിനിമയുടെ വിജയത്തിന് സംവിധായകനാണ് നിര്‍ണായക പങ്കെങ്കില്‍ ജീവിതത്തിന്റെ വിജയത്തില്‍ ഭാഗ്യമാണ് നിര്‍ണായക ഘടകം. തന്റെ ജീവിത വിജയത്തില്‍ ഭാഗ്യത്തിന് വലിയ പങ്കു വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മമ്മൂക്ക  അഭിപ്രായപ്പെട്ടിട്ടുണ്ട്.

നടനായി വളര്‍ന്നതിനു ശേഷം താന്‍ വാങ്ങുന്ന കാറുകള്‍ക്കെല്ലാം 369 എന്ന നമ്പര്‍ കിട്ടാനായി അദ്ധ്വാനിച്ചിട്ടുണ്ട് മമ്മൂക്ക. ഈ നമ്പര്‍ ലേലത്തില്‍ പിടിക്കാനായി ആര്‍.ടി ഓഫീസിലെ ബഞ്ചില്‍ കിടന്നുറങ്ങാനും മമ്മൂക്കയ്ക്ക് മടിയില്ല. മമ്മൂട്ടിയുടെ സ്‌ക്വാഡ ലോറ കേരളത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ ഭാഗ്യനമ്പര്‍ പേറുന്ന മറ്റൊരു കാറാണ് ഫോക്സ്വാഗണ്‍ പസ്സാറ്റ്. കേരളത്തിലാണ് ഈ കാറും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു ബിമ്മറുമുണ്ട് മമ്മൂക്കയുടെ ഭാഗ്യനമ്പരോടെ. വെള്ള ബിഎംഡബ്ല്യു കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തമിഴ്നാട്ടിലാണ്.

3 സീരീസിന്റെ പെര്‍ഫോമന്‍സ് പതിപ്പാണ് മമ്മൂക്കയുടെ പക്കലുള്ള മറ്റൊരു 369 കാര്‍. ഇത് തമിഴ്നാട്ടിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പജീറോയുടെ പഴയ പതിപ്പുണ്ട് മമ്മൂക്കയുടെ കൈവശം. ഇതേ കാറിന്റെ പുതുക്കിയ പതിപ്പായ പജീറോ സ്പോര്‍ടുമായി ദുല്‍ഖറിനെ കണ്ടിട്ടുണ്ട്. മമ്മൂക്കയുടെ പജീറോ കേരള രജിസ്ട്രേഷനാണ്. ടൊയോട്ടയുടെ ലോകവിഖ്യാതമായ ലാന്‍ഡ് ക്രൂയിസര്‍ മോഡലും മമ്മൂക്കയുടെ ഗ്യാരോജിലുണ്ട്. കേരളത്തിലാണ് ഈ വണ്ടിയും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ജാഗ്വറിന്റെ അത്യാഡംബര മോഡലായ എക്സ്ജെ-എല്‍ പതിപ്പും മമ്മൂക്കയുടെ കാര്‍ കളക്ഷനിലുണ്ട്. കേരളത്തില്‍ തന്നെയാണ് ഈ കാറും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിന്നെ പോര്‍ഷെ, റേഞ്ച് റോവര്‍ തുടങ്ങിയവയുമുണ്ട്. 72 വയസ്സായിട്ടും മലയാളിയോടൊപ്പം നിത്യ യൗവ്വനത്തിന്റെ പ്രസരിപ്പോടെ എന്നും നിറഞ്ഞ നില്‍ക്കുകയാണ് ഈ അസാമാന്യ മനുഷ്യന്‍.