അബുദാബി: ഡ്രോണുകളുടെ ഉപയോഗം നിയന്ത്രിക്കുന്ന അബുദാബി. ഡ്രോണുകളുടെ ഉപയോഗം സംബന്ധിച്ച നിയമങ്ങൾ അബുദാബി കർശനമാക്കിയിരിക്കുകയാണ്. ഡ്രോണുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നിരീക്ഷണം, നിയന്ത്രണം തുടങ്ങിയ എല്ലാ നടപടികളും ഏകീകരിക്കുമെന്നാണ് അബുദാബി മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്പോർട്ട് വകുപ്പ് അറിയിച്ചിരിക്കുന്നത്.
ഡിസൈൻ, നിർമാണം, അസംബ്ലി, പരിഷ്കരണം, പരിശോധന, പരിപാലനം, പരിശീലനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ പ്രവർത്തനങ്ങളും ഉപയോഗവും ഇനി മുതൽ നിയന്ത്രിക്കുന്നത് ഡിഎംടിയായിരിക്കും. മേൽനോട്ടം, പെർമിറ്റ്, സർട്ടിഫിക്കറ്റ് നൽകൽ, ഡ്രോൺ നിയമങ്ങൾ സ്ഥാപിക്കൽ, ടേക്ക് ഓഫ്, ലാൻഡിങ് സൈറ്റുകൾക്കുള്ള മാനദണ്ഡങ്ങൾ, ഡ്രോണുകൾക്കുള്ള മാർഗനിർദേശങ്ങൾ ഉണ്ടാക്കുക തുടങ്ങിയവയെല്ലാത്തിന്റെയും ഉത്തരവാദിത്തം ഇനി ഡിഎംടിയ്ക്കാണ്.
ഡ്രോൺ മേഖലയിലേക്കു നിക്ഷേപം ആകർഷിക്കാനും സ്മാർട്ട് ഗതാഗതം മെച്ചപ്പെടുത്താനും വ്യോമഗതാഗത രംഗത്തെ നവീകരിക്കാനും ലക്ഷ്യമിട്ടാണ് നിയമങ്ങൾ കർശനമാക്കുന്നത്. അബുദാബിയെ ഡ്രോൺ വ്യവസായത്തിന്റെ കേന്ദ്രമാക്കുക എന്ന ലക്ഷ്യം കൂടി പുതിയ നടപടികൾക്ക് പിന്നിലുണ്ട്. പുതിയ പദ്ധതികളുടെ ഭാഗമായി ഡ്രോൺ ഉടമകൾക്കും ഓപ്പറേറ്റർമാർക്കുമായി ഡിഎംടി ബോധവൽക്കരണം നടത്തും.
അബുദാബി എമിറേറ്റിലെ ഡ്രോൺ പ്രവർത്തനങ്ങൾ അഡ്മിനിസ്ട്രേറ്റീവ് നിർദേശങ്ങൾ, സിവിൽ ഏവിയേഷൻ ചട്ടങ്ങൾ, അബുദാബിയിലെ ഡ്രോൺ സംവിധാനങ്ങളെ നിയന്ത്രിക്കുന്ന സാങ്കേതിക മാർഗനിർദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായാണ് നടക്കുന്നതെന്ന് ഉറപ്പു വരുത്തേണ്ട ചുമതലയും ഡിഎംടിയ്ക്കുണ്ട്.
എമിറേറ്റിലെ എല്ലാത്തരം ഡ്രോൺ പ്രവർത്തനങ്ങൾക്കും പുതിയ തീരുമാനങ്ങൾ ബാധകമായിരിക്കുമെന്ന് അബുദാബി മീഡിയാ ഓഫീസ് വ്യക്തമാക്കി.