രക്തത്തിൽ യൂറിക് ആസിഡ് കൂടിയതു കാരണമുണ്ടാകുന്ന സന്ധി വേദന അനുഭവിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന ഒന്നാണ് യൂറിക് ആസിഡ്. അതായത് ഭക്ഷണത്തില്‍ പ്രോട്ടീനിന്റെ അളവ് കൂടുന്നതും യൂറിക് ആസിഡ് രക്തത്തില്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. ഇത്തരത്തില്‍ യൂറിക് ആസിഡ് കൂടിയാൽ കാത്തിരിക്കുന്നത് പലവിധ രോഗങ്ങളാണ്.
യൂറിക് ആസിഡിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന സൃഷ്ടിക്കാറുണ്ട്. യൂറിക് ആസിഡ് ശരീരത്തിന് പുറത്തുപോകാതെ അടിഞ്ഞുകൂടിക്കിടക്കുന്നതാണ് ഗൗട്ട് അഥവാ രക്തവാതത്തിന് കാരണമാകുന്നത്. ശരീരത്തിൽ അധികമായ യൂറിക് ആസിഡ്, ക്രിസ്റ്റലുകളായി കാലിന്റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞുകൂടുന്നു. ഇതുമൂലം കഠിനമായ വേദന അനുഭവപ്പെടും.
ലക്ഷണങ്ങള്‍
- പെരുവിരലിലെ സന്ധികളില്‍ വേദന
- നീര്
- വിരൽ അനക്കാൻ പറ്റാത്ത വേദന
- ഉപ്പൂറ്റി, കൈത്തണ്ട, വിരലുകൾ എന്നിവിടങ്ങളിൽ വേദന
- കാലുകളുടെ പത്തിക്ക് നീറ്റലും പുകച്ചിലും
- ചില സന്ധികളില്‍ ചുവന്ന നിറത്തോട് കൂടിയ തടിപ്പ്
- സന്ധികളില്‍ ചലനത്തിന് പരിമിതി നേരിടുന്നത്, കാലുകള്‍ക്ക് തീ പിടിച്ച പോലുള്ള അവസ്ഥ
യൂറിക് ആസിഡിന്‍റെ കൂടുതലുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍
നേന്ത്രപ്പഴം, ഫാറ്റ് കുറഞ്ഞ യോഗര്‍ട്ട്, കോഫി, ഓറഞ്ച്, നാരങ്ങ, ചെറി പഴം, ആപ്പിള്‍, ഗ്രീന്‍ ടീ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്നതിനുള്ള അപകടസാധ്യതകൾ കുറയ്ക്കാന്‍ സഹായിക്കും.