തെഹ്റാൻ: ഇസ്രായേലിന്‍റെ ചരക്കുകപ്പൽ പിടിച്ചെടുത്ത് ഇറാൻ. ഹോർമുസ് കടലിടുക്കിനോട് ചേർന്ന സ്ഥലത്തുവെച്ച് എം.എസ്.സി ഏരീസ് എന്ന കപ്പലാണ് പിടിച്ചെടുത്തത്.
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തതായും കപ്പൽ ഇറാൻ സമുദ്രാതിർത്തിയിലേക്ക് നീക്കിയതായും ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. കപ്പലിൽ രണ്ട് മലയാളികൾ ഉൾപ്പെടെ 18 ജീവനക്കാർ ഉണ്ടെന്നാണ് പ്രാഥമിക വിവരം. സിറിയൻ ആക്രമണത്തിൽ ഐആർജിസിയുടെ രണ്ട് ജനറൽമാർ ഉൾപ്പെടെ ഏഴ് അംഗങ്ങൾക്ക് ജീവൻ നഷ്ടമായിരുന്നു.
ഫുജൈറയിൽ നിന്ന് 50 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായുള്ള ജലപാതയിൽ വെച്ചാണ് കപ്പൽ പിടിച്ചെടുത്തതെന്ന് യു കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. ഇസ്രാഈലി ശതകോടീശ്വരൻ ഇയാൽ ഓഫറും കുടുംബവും നടത്തുന്ന സോഡിയാക് ഗ്രൂപ്പിൻ്റെ ഭാഗമായ ലണ്ടൻ ആസ്ഥാനമായുള്ള സോഡിയാക് മാരിടൈമുമായി ബന്ധപ്പെട്ടാണ് കപ്പൽ പ്രവർത്തിക്കുന്നത്.
അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസിക്ക് ലഭിച്ച കപ്പലിൻ്റെ ഡെക്കിൽ നിന്നുള്ള ഫൂട്ടേജിൽ സൈനികർ ഹെലികോപ്റ്ററിൽ നിന്ന് താഴേക്ക് ഇറങ്ങുന്നത് കാണാം. ഐആർജിസി നാവിക സേനയുടെ നിയന്ത്രണത്തിലുള്ള മിൽ മി-17 ഹെലികോപ്റ്ററിൽ നിന്നാണ് സൈനികർ കപ്പലിലേക്ക് ഇറങ്ങുന്നത്.
അതേസമയം, മേഖലയിലെ സംഘർഷം രൂക്ഷമാക്കുന്നതിൻ്റെ അനന്തരഫലങ്ങൾ ഇറാൻ അനുഭവിക്കേണ്ടി വരുമെന്ന് ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകി. സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്നും സൈനിക വക്താവ് ഡാനിയൽ ഹഗാരി പ്രസ്താവനയിൽ പറഞ്ഞു.
ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്നും ഇറാനെതിരെ ഉപരോധമേർപ്പെടുത്തണമെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രി കാറ്റ്സ് പ്രതികരിച്ചു. ഇറാൻ ഭരണകൂടം ഹമാസിന്‍റെ കുറ്റകൃത്യങ്ങളെ പിന്തുണയ്ക്കുന്ന ക്രിമിനൽ ഭരണകൂടമാണ്. ഇപ്പോൾ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് കടൽക്കൊള്ളക്കാരുടെ ഓപ്പറേഷൻ നടത്തുകയാണെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രി പറഞ്ഞു.