കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് പിന്തുണയുമായി ഉമ തോമസ് എംഎൽഎ. നീതി സംരക്ഷിക്കാനുള്ള യാത്രയിൽ അതിജീവിതയ്ക്ക് ഒപ്പമുണ്ടെന്ന് ഉമ തോമസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവരുന്ന കാര്യങ്ങൾ ഞെട്ടിക്കുന്നതാണ്. കേസിലെ നിർണായക തെളിവായ മെമ്മറിക്കാർഡ് നിരവധി തവണ പലരാൽ, പല സമയത്ത് ഉപയോഗിക്കപ്പെട്ടിരിക്കുന്നു. രാത്രികാലത്തുപോലും അത് കാണുന്നവരുടെ ഉദ്ദേശ്യശുദ്ധി നിയമപരമാണെന്ന് വിശ്വസിക്കാൻ സാമാന്യബുദ്ധിയുള്ളവർക്കാർക്കും കഴിയില്ലെന്ന് ഉമ തോമസ് പ്രതികരിച്ചു.
തന്റെ അഭിമാനം ചോദ്യം ചെയ്തവർക്കെതിരെ ഒരു പെൺകുട്ടി നടത്തുന്ന പോരാട്ടം കേരളം കാണാൻ തുടങ്ങിയിട്ട് കാലം കുറേയായി. വിചാരണക്കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് അതിജീവിത പറഞ്ഞുകഴിഞ്ഞു. തന്റെ സ്വകാര്യതയ്ക്ക് കോടതിയിൽപ്പോലും സുരക്ഷയില്ലെന്ന ആ കുട്ടിയുടെ ആശങ്ക കാണാതിരിക്കാനാവില്ല. മേൽക്കോടതിയുടെ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകാൻ ഇനി വൈകിക്കൂടായെന്ന് ഉമ അറിയിച്ചു.
കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം. അതിജീവിതയുടെ ആശങ്കകൾ അകറ്റണം. കോടതികളോട് ഈ നാട്ടിലെ സാധാരണക്കാർക്കുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇടവരുത്തരുത്. സത്യസന്ധരായ ന്യായാധിപരുടെ കാലം അവസാനിച്ചിട്ടില്ലെന്ന ആ മകളുടെ പ്രതീക്ഷക്ക് മങ്ങലേറ്റുകൂടെന്നും ഉമ തോമസ് വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഉമാ തോമസിന്റെ പ്രതികരണം.