തിരുവനന്തപുരം: തൃശൂര്‍ പൂരം ആന എഴുന്നള്ളത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ സര്‍ക്കുലര്‍ തിരുത്താന്‍ വനംമന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി പുതിയ സര്‍ക്കുലര്‍ ഇറക്കാനാണ് നിര്‍ദേശം. പ്രതിഷേധങ്ങള്‍ ശക്തമായതോടെയാണ് മന്ത്രി ഇടപെട്ടത്.
സര്‍ക്കാര്‍ ഇടപെടലോടെ പൂരം പ്രതിസന്ധിക്ക് പരിഹാരമായതായി തിരുവമ്പാടി, പാറമേക്കാവ് ദേവസങ്ങള്‍ അറിയിച്ചു.
തൃശൂര്‍ പൂരം കൊടിയേറുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബാണ് വിവാദ നിര്‍ദ്ദേശത്തിന്റെ ഉത്തരവ് ദേവസ്വങ്ങള്‍ക്ക് ലഭിക്കുന്നത്. ആനയുടെ 50 മീറ്റര്‍ ചുറ്റളവില്‍ ആളും മേളവും പാടില്ലെന്ന വ്യവസ്ഥയില്‍ വലിയ പ്രതിഷേധമുണ്ടായി. പിന്നാലെ ജില്ലയില്‍ നിന്നുള്ള റവന്യൂ മന്ത്രി കെ രാജന്‍ ഇടപെടുകയായിരുന്നു.
നിർദ്ദേശം പിൻവലിച്ചില്ലെങ്കിൽ ആനകളെ വിട്ടു നൽകില്ലെന്ന് നിലപാടെടുത്ത ആന ഉടമ സംഘവും ഒടുവിൽ അയഞ്ഞു. അങ്ങനെ പ്രതിസന്ധികൾ ഇല്ലാതെ തൃശ്ശൂർ പൂരത്തിന് ഒരുങ്ങി. മുൻവർഷങ്ങളിലേത് പോലെ തന്നെ സുരക്ഷയുറപ്പാക്കിയുള്ള പൂരമാകും ഇക്കുറിയും നടക്കുക.