തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട വേനൽ മഴ തുടരും. ഏഴു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തന്നെ ലഭിച്ചിരുന്നു. ഒരൊറ്റ ദിവസത്തെ മഴയിൽ തെക്കൻ കേരളത്തെ ചൂട് നാല് ഡിഗ്രി വരെ താഴ്ന്നതായി കേന്ദ്രസകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശരാശരി താപനിലയിൽ കൊല്ലം ജില്ലയിൽ 4.3 ഡിഗ്രി സെൽഷ്യസും തിരുവനന്തപുരത്ത് 3.8 സെൽഷ്യസും കുറവ് രേഖപ്പെടുത്തി. ബംഗാൾ ഉൾകടലിൽ താത്കാലികമായി ശക്തി പ്രാപിച്ച കിഴക്കൻ കാറ്റിന്റെ ഫലമായാണ് തെക്കൻ കേരളത്തിൽ വേനൽമഴ ലഭിച്ചത്.
തിരുവനന്തപുരത്ത് ഒരു മണിക്കൂർ കൊണ്ട് 4 സെന്റിമീറ്ററോളം മഴയാണ് പെയ്തത്. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിച്ചത്. ഉച്ചയ്ക്കു കൊടുംവെയിൽ പ്രതീക്ഷിച്ചവർക്കിടയിലേക്ക് കുളിർമഴയെത്തിയെങ്കിലും കുറഞ്ഞ സമയം കൊണ്ട് തലസ്ഥാന നഗരം വെള്ളക്കെട്ടിലാകുന്നതും കണ്ടു. തിരുവനന്തപുരം വിമാനത്താവളത്തിൽ ഏകദേശം 3 സെന്റിമീറ്ററും കോട്ടയത്ത് 1.5 സെന്റിമീറ്ററും കോഴിക്കോട്ട് ഒരു മില്ലിമീറ്ററും മഴ പെയ്തു. മലയോര മേഖലകളിൽ ഉൾപ്പെടെ ചിലയിടങ്ങളിൽ രണ്ട് ദിവസമായി ഭേദപ്പെട്ട മഴ ലഭിച്ചു.
വടക്കൻ കേരളത്തിൽ ചിലയിടത്തും നേരിയ തോതിൽ മഴ ലഭിച്ചിരുന്നു. കുറച്ചുദിവസങ്ങളായി 40 ഡിഗ്രി സെൽഷ്യസ് ചൂട് അനുഭവിക്കുന്ന പാലക്കാട്ടുകാർക്ക് നേരിയ തോതിൽ ആശ്വാസമുണ്ടായി. ജില്ലയിലെ പലയിടത്തും രാത്രിയോടെ ആശ്വാസമഴ എത്തിയിരുന്നു. തൃശൂർ, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിൽ വേനൽമഴ പെയ്തു. വരുംദിവസങ്ങളിൽ വേനൽമഴ ദുർബലമാകാനാണ് സാധ്യത.