തൊടുപുഴ: യുവതിയെ കാറിൽ പിന്തുടർന്ന് ശല്യംചെയ്ത പോലീസ് ഉദ്യോഗസ്ഥനു സസ്പെൻഷൻ. കുളമാവ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഒ.എം. മര്‍ഫിയെ (35) ആണ് സസ്പെൻഡ് ചെയ്തത്. സംഭവത്തില്‍ കേസെടുത്ത പോലീസ് ഇന്നലെ ഇയാളുടെ അറസ്റ്റു രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
ബുധനാഴ്ചയാണ് കേസിനാധാരമായ സംഭവം നടന്നത്. ജോലി കഴിഞ്ഞു മടങ്ങവെയാണ് മര്‍ഫിയും മറ്റൊരാളും ചേര്‍ന്നു യുവതിയെ കാറില്‍ പിന്തുടര്ന്നു ശല്യംചെയ്തത്. യുവതിയെ പിന്തുടര്‍ന്ന ഒ.എം. മര്‍ഫി കാറിലിരുന്ന് അശ്ലീല ചേഷ്ടകള്‍ കാട്ടി. കാര്‍ നിര്‍ത്തി പുറത്തിറങ്ങുക കൂടി ചെയ്തതോടെ യുവതി ഭയന്ന് ഓടി രക്ഷപ്പെട്ടു.
തുടര്‍ന്ന് യുവതിയും പിതാവും പൊലീസില്‍ പരാതി നല്കി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പൊലീസുകാരനാണെന്ന് തിരിച്ചറിഞ്ഞത്. ഇയാളുടെ കൂടെ ഉണ്ടായിരുന്ന മഞ്ചിക്കല്ല് സ്വദേശിയോട് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.