ചണ്ഡീഗഡ്: യുട്യൂബ് താരങ്ങളായ പങ്കാളികൾ ഫ്ളാറ്റിൽ നിന്നും താഴേക്ക് ചാടി ജീവനൊടുക്കി. ഹരിയാനയിലാണ് സംഭവം. ഗാർവിത് സിംഗ് (25), നന്ദിനി കശ്യപ് (22) എന്നിവരാണെന്ന് മരിച്ചത്. ഫ്ളാറ്റിന്റെ ഏഴാം നിലയിൽ നിന്ന് ഇവർ താഴേക്ക് ചാടുകയായിരുന്നു. ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നു ഇരുവരും.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇരുവരും സുഹൃത്തുക്കൾക്കൊപ്പം ഡെറാഡൂണിൽ നിന്ന് ഹരിയാനയിലെ ബഹദൂർഗഡിലേക്ക് താമസം മാറിയത്. ബഹദൂർഗഡിലെ റുഹീല റസിഡൻസിയിൽ ഏഴാം നിലയിൽ ഫ്ളാറ്റ് വാടകയ്ക്കെടുത്താണ് ഇവരും സുഹൃത്തുക്കളും താമസിച്ചിരുന്നത്.
ഷൂട്ടിംഗിന് ശേഷം ഇന്നലെ അർധ രാത്രിയാണ് ഇവർ ഫ്ളാറ്റിലെത്തിയത്. പിന്നാലെ ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഇതിന് പിന്നാലെ ആത്മഹത്യ ചെയ്തതായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
ഫ്ളാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. ഇവരുടെ സുഹൃത്തുക്കളുടെ മൊഴിയും രേഖപ്പെടുത്തി. നന്ദിനിയ്ക്ക് ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സുണ്ട്. പ്രമുഖ ബോളിവുഡ് താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും നന്ദിനിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കാണാൻ കഴിയും.