വിജയവാഡ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അജ്ഞാതർ നടത്തിയ കല്ലേറിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിക്ക് പരിക്ക്. വിജയവാഡയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കല്ലേറുണ്ടായതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജഗൻ മോഹൻ റെഡ്ഡിയുടെ ഇടതു കണ്ണിന് മുകളിൽ മുറിവേറ്റ ചിത്രങ്ങൾ പുറത്തുവന്നു.
ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ നടക്കുന്ന ബസ് പര്യടനം വിജയവാഡയിലൂടെ കടന്നുപോകുമ്പോഴാണ് കല്ലേറുണ്ടായത്. മേമന്ത സിദ്ധാം എന്ന ബസ് പര്യടനത്തിന് നേരെ സിംഗ് നഗറിലെ വിവേകാനന്ദ സ്‌കൂള്‍ സെന്ററിന് സമീപത്ത് വെച്ച് അജ്ഞാതര്‍ കല്ലെറിയുകയായിരുന്നു. ജഗന്‍ മോഹന്‍ റെഡ്ഡിക്ക് സമീപത്ത് നിന്നിരുന്ന എംഎല്‍എ വെള്ളാമ്പള്ളിക്കും കല്ലേറില്‍ പരിക്കേറ്റു.
മുറിവ് ഗുരുതരമല്ലെന്ന് പ്രാഥമിക പരിശോധന നൽകിയ ഡോക്ടർമാർ അറിയിച്ചതിനെ തുടര്‍ന്ന് യാത്ര പുനരാംഭിച്ചു. തെറ്റാലികൊണ്ടാണ് കല്ലേറ് നടത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ടിഡിപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് വിജയവാഡയിലെ വൈഎസ്ആര്‍സിപി നേതാക്കള്‍ ആരോപിച്ചു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കടപ്പ ജില്ലയിലെ ഇടുപ്പുലുപായയിൽ നിന്ന് ശ്രീകാകുളം ജില്ലയിലെ ഇച്ചപുരത്തേക്ക് 21 ദിവസം നീളുന്ന തെരഞ്ഞെടുപ്പ് പ്രചാരണമാണ് ബസിൽ റെഡ്ഡി ആരംഭിച്ചത്.