ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പതിനാറ് സ്ഥാനാര്‍ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഒഡീഷയിലെ ഒമ്പത് സീറ്റുകളിലേക്കും ഗുജറാത്തിലെ നാലും ഹിമാചലിലെ രണ്ട് സീറ്റുകളിലേക്കും ചണ്ഡീഗഢ് സീറ്റിലേക്കുമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
ഹിമാചല്‍പ്രദേശിലെ മണ്ഡി സീറ്റില്‍ വിക്രമാദിത്യ സിംഗ് മത്സരിക്കും. നടി കങ്കണ റണാവത്താണ് ഇവിടെ എൻഡിഎ സ്ഥാനാർഥി. മൂന്ന് തവണ മാണ്ഡി എംപിയായ പ്രതിഭ സിംഗിന്റെയും മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെയും മകനാണ് വിക്രമാദിത്യ സിംഗ്.
മുതിര്‍ന്ന നേതാവ് മനീഷ് തിവാരി ചണ്ഡീഗഢില്‍ നിന്ന് ജനവിധി തേടും. നിലവില്‍ പഞ്ചാബിലെ അനന്ത്പുര്‍ സാഹിബ് മണ്ഡലത്തില്‍ നിന്നുള്ള സിറ്റിംഗ് എംപിയാണ് മനീഷ് തിവാരി.
നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലെ അഞ്ച് സീറ്റുകളിലേക്കും ഇതോടൊപ്പം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.