ഛണ്ഡീഗഡ്: അവസാന ഓവർ വരെ വരെ ആവേശം അലയടിച്ച പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. മൂന്ന് വിക്കറ്റിനാണ് രാജസ്ഥാൻ പഞ്ചാബിനെ തകർത്തത്. പഞ്ചാബ് ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കേ രാജസ്ഥാൻ മറികടന്നു. ഒരു ഭാഗത്ത് വിക്കറ്റുകൾ വീണു കൊണ്ടിരിക്ക അവസാന ഓവറുകളിൽ തകർത്തടിച്ച ഷിംറോൺ ഹെറ്റ്‌മെയറാണ് രാജസ്ഥാനെ ആവേശ വിജയത്തിലെത്തിച്ചത്. ഹെറ്റ്‌മെയർ പത്ത് പന്തിൽ പുറത്താവാതെ 27 റൺസെടുത്തു. 39 റൺസെടുത്ത ഓപ്പണർ യശസ്വി ജയ്‌സ്വാളാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു. 16 പന്തില്‍ 31 റണ്‍സെടുത്ത അശുതോഷ് ശര്‍മയാണ് ടോപ് സ്‌കോറര്‍. കേശവ് മഹാരാജിന്റെയും ആവേശ് ഖാന്റെയും രണ്ട് വിക്കറ്റ് പ്രകടനമാണ് പഞ്ചാബിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.
മൂന്നാം ഓവറിൽ ഓപ്പണർ അഥർവ തായിഡെയെ ആവേശ് ഖാൻ കുൽദീപ് സെന്നിന്റെ കയ്യിലെത്തിച്ചു. ഏഴാം ഓവറിൽ 10 റൺസെടുത്ത പ്രഭ് സിംറാനും എട്ടാം ഓവറിൽ 15 റൺസെടുത്ത ജോണി ബെയർ സ്‌റ്റോയും മടങ്ങി. പിന്നെ തുടരെ വിക്കറ്റുകൾ വീണു. 31 റൺസെടുത്ത അശുദോഷ് ശർമയാണ് അവസാന ഓവറുകളിൽ തകർത്തടിച്ച് പഞ്ചാബിന് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് യശസ്വി ജയ്‌സ്വാളും തനുഷ് കോട്ടിയനും ചേര്‍ന്ന് നല്ല നിലയില്‍ത്തന്നെ മറുപടി നല്‍കിത്തുടങ്ങി. ഒന്‍പതാം ഓവറില്‍ ലിവിങ്സ്റ്റന്റെ പന്തില്‍ തനുഷ് കോട്ടിയന്‍ പുറത്തായി. മൂന്ന് ബൗണ്ടറി ഉള്‍പ്പെടെ 31 പന്തില്‍ 24 റണ്‍സോടെ തനുഷ് പുറത്താകുമ്പോള്‍ത്തന്നെ 56 റണ്‍സിലെത്തിയിരുന്നു ടീം.
യശസ്വി ജയ്‌സ്വാളാണ് പിന്നീട് പുറത്തായത്. 28 പന്തില്‍ 39 റണ്‍സ് നേടിയ താരത്തെ കഗിസോ റബാദ ഹര്‍ഷല്‍ പട്ടേലിന്റെ കൈകളിലേക്ക് നല്‍കുകയായിരുന്നു. നാല് ഫോര്‍ ഉള്‍പ്പെടുന്നതാണ് ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്. 12-ാം ഓവറില്‍ ജയ്‌സ്വാള്‍ പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ 82-ലെത്തിയിരുന്നു. 14-ാം ഓവറില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണും മടങ്ങി. ഓരോന്നുവീതം സിക്‌സും ഫോറും സഹിതം 14 പന്തില്‍ 18 റണ്‍സ്. വിക്കറ്റിന് മുന്നില്‍ കുരുക്കി റബാദ തന്നെയാണ് ഇത്തവണയും കെണിയൊരുക്കിയത്.
അവസാന നാലോവറില്‍ രാജസ്ഥാന്‍ ജയിക്കാന്‍ 43 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. രണ്ട് തവണ ജീവന്‍ കിട്ടിയ പരാഗ്(18 പന്തില്‍ 23) പതിനെട്ടാം ഓവറില്‍ അര്‍ഷ്ദീപിന്‍റെ പന്തില്‍ പുറത്തായതോടെ രാജസ്ഥാന്‍ ആശങ്കയിലായി. പിന്നാലെ ധ്രുവ് ജുറെലും(11 പന്തില്‍ 6), റൊവ്മാന്‍ പവലും(5 പന്തില്‍ 11) കേശവ് മഹാരാജും (2 പന്തില്‍ 1)പുറത്താവുകയും പഞ്ചാബ് ബൗളര്‍മാര്‍ കണിശതയോടെ പന്തെറിയുകയും ചെയ്തതോടെ രാജസ്ഥാൻ തോല്‍വി മുന്നില്‍ കണ്ടെങ്കിലും ഹെറ്റ്മെയറുടെ മനസാന്നിധ്യം രാജസ്ഥാനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി.