കൊച്ചി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ (ചൈൽഡ് പോണോഗ്രഫി) സംബന്ധിച്ച കേസുകളിൽ എപ്പോഴും പ്രായം സംബന്ധിച്ചു കൃത്യമായ തെളിവിന്റെ ആവശ്യമില്ലെന്നു ഹൈക്കോടതി. കുട്ടിയുടെ പ്രായം 18 വയസ്സിൽ താഴെയാണോയെന്നത് ഓരോ കേസിന്റെയും അടിസ്ഥാനത്തിലാണു പരിശോധിക്കേണ്ടതെന്നും കാഴ്ചയിൽ 18 വയസ്സിൽ താഴെയാണെന്നു കൃത്യമായി മനസ്സിലാകുന്നുണ്ടെങ്കിൽ വിദഗ്ധരുടെ സഹായമില്ലാതെ തന്നെ തീരുമാനമെടുക്കാമെന്നും ജസ്റ്റിസ് കെ. ബാബു നിർദേശം നൽകി. ഇത്തരം ദൃശ്യങ്ങളിലെ കുട്ടികളുടെ വിവരങ്ങളും സ്ഥാപിക്കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ചൈൽഡ് പോണോഗ്രഫിയുമായി ബന്ധപ്പെട്ട കേസുകളിൽ ദൃശ്യത്തിലെ കുട്ടിയുടെ പ്രായം തെളിയിക്കാനാകാത്തത് പ്രതിഭാഗം തർക്കമായി ഉന്നയിക്കുന്നത് പതിവായതോടെയാണ് ഇക്കാര്യം ഹൈക്കോടതി പരിശോധിച്ചത്. തുടർന്ന് അഡ്വ. രഞ്ജിത് ബി. മാരാർ, അഡ്വ. ജോൺ എസ്. റാൽഫ് എന്നിവരെ അമിക്കസ് ക്യൂറിമാരായി നിയമിച്ചു. കുട്ടികളുടെ പ്രായത്തിനു കൃത്യമായ തെളിവു വേണമെന്നും കുട്ടികളെ തിരിച്ചറിയണമെന്നും നിർബന്ധംപിടിക്കുന്നതു പോണോഗ്രഫി നിരോധിച്ചുള്ള നിയമങ്ങളുടെ ലക്ഷ്യംതന്നെ തകർക്കുമെന്നു കോടതി പറഞ്ഞു.
Read also: കെഎസ്ആർടിസി ബസുകളിൽ ഇനി ബോർഡ് ഇംഗ്ലിഷിലും