ഇസ്രായേലിലേക്ക് മിസൈൽ ആക്രമണം നടത്തി ഇറാൻ

തെഹ്റാൻ / തെൽ അവീവ്: ഇസ്രായേലിലേക്ക് മിസൈൽ ആക്രമണം നടത്തി ഇറാൻ. ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചാണ് ആക്രമണം. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്. തെൽ അവീവ്, ജറൂസലം ഉൾപ്പെടെ ഇസ്രായേൽ നഗരങ്ങളിൽ വ്യോമാക്രമണ സൈറണുകളും സ്ഫോടന ശബ്ദങ്ങളും ഉണ്ടായതായാണ് റിപ്പോർട്ട്.

ഇസ്രായേലിന് നേരെ ഇറാൻ തൊടുത്ത ഡസൻ കണക്കിന് ബാലിസ്റ്റിക് മിസൈലുകളിൽ ഭൂരിഭാഗവും തടയാൻ സാധിച്ചെന്ന് ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ഡസൻ കണക്കിന് ഡ്രോണുകളും ക്രൂയിസ് മിസൈലുകളും യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു. ഇസ്രായേൽ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് മുമ്പ് പല മിസൈലുകളും എയർ ഡിഫൻസ് സിസ്റ്റം തകർത്തു. രാജ്യത്തിന്‍റെ തെക്ക് ഭാഗത്തെ ഒരു സൈനിക താവളത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചു.

ഗോലാനിലെ ഏറ്റവും വലിയ നഗരമായ കാറ്റ്‌സ്രിനിലും സമീപത്തുള്ള രണ്ട് കമ്മ്യൂണിറ്റികളിലും റോക്കറ്റ് സൈറണുകൾ മുഴങ്ങി. ലെബനനിൽ നിന്നാണ് ഇവിടെ റോക്കറ്റ് ആക്രമണമെന്ന് ചാനൽ 12 റിപ്പോർട്ട് ചെയ്തു.

വെസ്റ്റ് ബാങ്ക് നഗരമായ ഹെബ്രോണിന് മുകളിലുണ്ടായ സ്ഫോടനങ്ങൾ (AFPTV/AFP)
ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനുമായി ഫോണിൽ ചർച്ച നടത്തി. ഇസ്രായേൽ സൈനിക ആസ്ഥാനത്ത് സുരക്ഷാ കാബിനറ്റും യുദ്ധ കാബിനറ്റ് യോഗങ്ങളും ചേർന്ന ശേഷമാണ് നെതന്യാഹു ബൈഡനെ ഫോണിൽ വിളിച്ചത്.

ഇസ്രായേൽ സൈനിക മേധാവി ഹെർസി ഹലേവി വ്യോമസേനാ മേധാവി, മിലിട്ടറി ഇന്‍റലിജൻസ് മേധാവി എന്നിവരുമായി സൈനിക ആസ്ഥാനത്തെ ഭൂഗർഭ ബങ്കറിൽ കൂടിയാലോചന നടത്തി.