എന്നും രാവിലെ അപ്പവും പുട്ടുമാണോ? ഒരു വെറൈറ്റി ആയാലോ? ഉപ്പുമാവാണ് താരം. ഉപ്പുമാവിൽ എന്ത് വെറൈറ്റി എന്നാവും ചിന്തിക്കുന്നത് അല്ലെ, എന്നാൽ വെറൈറ്റി ആണ്, സേമിയ ഉപ്പുമാവ്, വെറൈറ്റി അല്ലെ, നല്ല ആവി പറക്കുന്ന സേമിയ ഉപ്പുമാവ് ഉണ്ടാക്കി കൊടുത്ത് വീട്ടുകാരെ ഉപ്പുമാവ് ഫാന്‍ ആക്കിയാലോ.
ആവശ്യമായാ ചേരുവകള്‍
- സേമിയ/വെര്‍മിസില്ലി – ഒരു കപ്പ് (കഷ്ണങ്ങളാക്കിയത്)
- ക്യാരറ്റ്- അരക്കപ്പ് (ചെറുതായി അരിഞ്ഞത്)
- ബീന്‍സ്- 5 എണ്ണം (ചെറുതായി അരിഞ്ഞത്)
- സവാള-അരക്കഷ്ണം (ചെറുതായി അരിഞ്ഞത്)
- പച്ചമുളക്-1 ടീസ്പൂണ്‍ (ചെറുതായി അരിഞ്ഞത്)
- ഇഞ്ചി- 1 ടീസ്പൂണ്‍ (ചെറുതായി അരിഞ്ഞത്)
- കറിവേപ്പില- ആവശ്യമനുസരിച്ച്
- കടുക് – അര ടീസ്പൂണ്‍
- ഉഴുന്ന് പരിപ്പ്- കാല്‍ ടീസ്പൂണ്‍
- അണ്ടിപ്പരിപ്പ്-5 എണ്ണം
- ഉണക്കമുളക്- ഒരെണ്ണം
- ഉപ്പ്- ആവശ്യത്തിന്
- വെള്ളം- 1-1 1/4കപ്പ്
- എണ്ണ- 2 ടേബിള്‍സ്പൂണ്‍
- കായപ്പൊടി-രണ്ട് നുള്ള്
തയ്യാറാക്കുന്ന വിധം
സേമിയ ഒരു പാത്രത്തില്‍ എണ്ണയൊന്നും ചേര്‍ക്കാതെ അഞ്ച് മിനിട്ട് ചെറുതീയില്‍ വറുത്തെടുക്കണം. ശേഷം അത് മാറ്റിവെക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. അതിലേയ്ക്ക് കടുക്, ഉഴുന്ന് പരിപ്പ്, കറിവേപ്പില എന്നിവ ചേര്‍ക്കുക. കടുക് പൊട്ടുമ്പോള്‍ കശുവണ്ടിപ്പരിപ്പ് ചേര്‍ക്കുക. പിന്നീട് അരിഞ്ഞുവെച്ചിരിക്കുന്ന സവാള, ഇഞ്ചി, പച്ചമുളക്, എന്നിവ ചേര്‍ത്ത് കുറച്ച് സെക്കന്‍ഡുകള്‍ വഴറ്റുക. ശേഷം അരിഞ്ഞുവെച്ചിരിക്കുന്ന ക്യാരറ്റും ബീന്‍സും ഉപ്പും ചേര്‍ത്ത് വഴറ്റുക. അതിലേയ്ക്ക് കായപ്പൊടി ചേര്‍ത്ത് ഇളക്കുക. ഇതിലേയ്ക്ക് എടുത്തുവെച്ചിരിക്കുന്ന വെള്ളം ചേര്‍ക്ക് തിളപ്പിക്കുക. വെള്ളം നല്ലവണ്ണം തിളയ്ക്കുമ്പോള്‍ വറുത്തുവെച്ചിരിക്കുന്ന സേമിയ ചേര്‍ക്കുക. വെള്ളം മുഴുവനായി വറ്റുമ്പോള്‍ ചീനചട്ടി അടച്ചുവെച്ച് അഞ്ച് മിനിട്ട് നേരം വേവിക്കുക. പിന്നീട് ഒരു ഫോര്‍ക്ക് എടുത്ത് ഇളക്കുക. സേമിയ ഉപ്പുമാവ് തയ്യാര്‍.