അടിപൊളി ടേസ്റ്റിൽ പനീര്‍ ടൊമാറ്റോ മസാല

പനീർ പലർക്കും ഇഷ്ട്ടപെട്ട ഒന്നാണ്. പാലിന്റെ മറ്റൊരു വകഭേദമാണ് പനീര്‍. കാല്‍സ്യത്തിന്റെയും പ്രോട്ടീന്റെയും നല്ലൊരു കേന്ദ്രം കൂടിയാണ്. പനീര്‍, തക്കാളി എന്നിവ ഉപയോഗിച്ച് സ്വാദിഷ്ടമായ പനീര്‍ ടൊമാറ്റോ മസാല ഉണ്ടാക്കിനോക്കൂ,

ആവശ്യമായ ചേരുവകള്‍

  • പനീര്‍-250 ഗ്രാം
  • സവാള-2
  • തക്കാളി-2
  • മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
  • മുളകുപൊടി-1 ടീസ്പൂണ്‍
  • ഗരം മസാല-1 ടീസ്പൂണ്‍
  • പച്ചമുളക്-3
  • തക്കാളി സോസ്-1 ടീസ്പൂണ്‍
  • വയനയില-1
  • ജീരകം-അര ടീസ്പൂണ്‍
  • ഉപ്പ്
  • എണ്ണ

തയ്യറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണ ചൂടാക്കി പനീര്‍ കഷ്ണങ്ങളിട്ട് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റുക. ഇത് പിന്നീട് വാങ്ങി വയ്ക്കുക. സവാള, പച്ചമുളക് എന്നിവ ചേര്‍ത്ത് അരയ്ക്കണം. പാനില്‍ അല്‍പം എണ്ണ ചൂടാക്കി ജീരകം പൊട്ടിയ്ക്കുക. വയനയിലയിട്ടു വഴറ്റണം. ഇതിലേക്കു സവാള പേസ്റ്റ് ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇത് അല്‍പം വഴറ്റി മസാലപ്പൊടികളും ഉപ്പം ചേര്‍ത്തിളക്കുക.

തക്കാളി മിക്‌സിയില്‍ അരച്ച് ഇതിലേക്കു ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കിയ ശേഷം പനീര്‍ കഷ്ണങ്ങള്‍ ഇതിലേക്കു ചേര്‍ക്കുക. സോസ് ചേര്‍ത്തിളക്കണം. അല്‍പനേരം വേവിച്ച ശേഷം വാങ്ങി വയ്ക്കാം. ചപ്പാത്തിയ്‌ക്കൊപ്പം സ്വാദേറുന്ന ഈ വിഭവം കഴിച്ചു നോക്കൂ.