വയനാട്: വീട്ടിലേക്ക് വിളിച്ച് സുരക്ഷിതനാണെന്ന് അറിയിച്ച് ഇറാൻ പിടിച്ചെടുത്ത കപ്പലിലെ വയനാട് സ്വദേശി ധനേഷ്. താൻ സുരക്ഷിതൻ എന്ന് ധനേഷ് പറഞ്ഞതായി കുടുംബം അറിയിച്ചു.
എവിടെ നിന്നാണ് വിളിച്ചതെന്ന് ധനേഷിനോട് ചോദിച്ചെങ്കിലും ഫോൺ ബന്ധം വിഛേദിക്കപ്പെട്ടു എന്നും കുടുംബം വിശദമാക്കി. ഇൻ്റർനെറ്റ് കാൾ ആണ് വിളിച്ചതെന്നും ശബ്ദം തിരിച്ചറിയുന്ന വിധത്തിൽ വ്യക്തമായിരുന്നില്ലെന്നും വീട്ടുകാർ പറഞ്ഞു.
വയനാട്, കോഴിക്കോട്, പാലക്കാട് സ്വദേശികളാണ് ബന്ദികളായത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലില്‍ പ്രതീക്ഷയിലാണ് മൂവരുടെയും കുടുംബം.
കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശി തേലംപറമ്പത്ത് ശ്യാംനാഥാണ് ബന്ധികളായതിനാല്‍ മറ്റൊരു മലയാളി. കഴിഞ്ഞ സെപ്തംബറിലാണ് അവധി കഴിഞ്ഞ് തിരിച്ച് പോയത്. പത്ത് വര്‍ഷമായി എം എസ്സി കമ്പനിയില്‍ ജോലി ചെയ്യുന്ന ശാംനാഥ് മറ്റന്നാള്‍ നാട്ടില്‍ തിരികെ വരാനിരിക്കയാണ് സംഭവമെന്ന് കുടുംബം പറയുന്നു.
മറ്റൊരു മലയാളിയായ പാലക്കാട് വടശ്ശേരി സ്വദേശി സുമേഷിന്റെ കുടുംബവും മകന് തിരികെ എത്തുന്നതും കാത്തിരിക്കുകയാണ്. കപ്പലിലുള്ള ജീവനക്കാർ സുരക്ഷിതരെന്ന് എം.എസ്.സി കമ്പനിയും അറിയിച്ചു. മലയാളികള്‍ അടക്കമുള്ള മുഴുവന്‍ ആളുകളുടെയും മോചനത്തിനായുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രമങ്ങള്‍ തുടരുകയാണ്.