കൊല്‍ക്കത്ത: ഐപിഎല്‍ ഇന്ന് നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ വീഴ്ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ലഖ്‌നൗ മുന്നോട്ടുവെച്ച 162 റണ്‍സ് വിജയലക്ഷ്യം 15.4 ഓവറില്‍ രണ്ട് മാത്രം വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത സ്വന്തമാക്കി. ബാറ്റിംഗില്‍ ഓപ്പണര്‍ ഫിലിപ് സാള്‍ട്ടാണ് (47 പന്തില്‍ 89*) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ഹീറോ.
ടോസ് നേടിയ കൊൽക്കത്ത ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറിൽ ലഖ്‌നൗ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തു.ലഖ്‌നൗവിന് വേണ്ടി നിക്കോളാസ് പുരാൻ 45 (32പന്തിൽ), കെഎൽ രാഹുൽ 39 (27), ആയുഷ് ബദോനി 29 (27) റൺസ് നേടി.
കൊൽക്കത്തയ്ക്കായി സ്റ്റാർക്ക് 3 വിക്കറ്റ് നേടി. വൈഭവ് അറോറ, സുനിൽ നരേൻ, വരുൺ ചക്രവർത്തി, റസൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിംഗില്‍ അരങ്ങേറ്റ പേസര്‍ ഷെമാര്‍ ജോസഫിന്‍റെ ആദ്യ ഓവറില്‍ 22 റണ്‍സ് അടിച്ചാണ് കെകെആര്‍ ഓപ്പണര്‍മാരായ ഫിലിപ് സാള്‍ട്ടും സുനില്‍ നരെയ്‌നും തുടങ്ങിയത്. ഇതിന് ശേഷം നരെയ്‌നെ (6 പന്തില്‍ 6) രണ്ടാം ഓവറിലും ആന്‍ഗ്രിഷ് രഘുവന്‍ഷിയെ (6 പന്തില്‍ 7) നാലാം ഓവറിലും പേസര്‍ മൊഹ്‌സീന്‍ ഖാന്‍ മടക്കി. എന്നാല്‍ തകര്‍ത്തടിച്ച സാള്‍ട്ടിനൊപ്പം മൂന്നാം വിക്കറ്റില്‍ കാലുറപ്പിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അനായാസ ജയം സമ്മാനിച്ചു.