ടെഹ്റാൻ: ഇസ്രായേലിനെതിരെ ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാൻ പ്രസിഡന്‍റ്. ഇസ്രയേലിന് എതിരെ ആക്രമണം നടത്തിയ സൈന്യത്തെ പ്രശംസിച്ച് കൊണ്ടാണ് ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സി ആക്രമണം അവസാനിച്ചെന്ന് വ്യക്തമാക്കിയത്.
ആക്രമണത്തിലൂടെ ശത്രുവിനെ പാഠം പഠിപ്പിക്കാൻ കഴിഞ്ഞെന്നും ഇക്കാര്യത്തിൽ ഇറാൻ സൈന്യത്തെ പ്രശംസിക്കുന്നുവെന്നും പ്രസിഡന്‍റ് വ്യക്തമാക്കി. ആക്രമണത്തിൽ ലക്ഷ്യമിട്ടത് ഇസ്രയേലിന്‍റെ സൈനിക താവളങ്ങൾ ആയിരുന്നുവെന്നും റെയ്സി വിവരിച്ചു.
ആക്രമണം ലക്ഷ്യം കണ്ടെന്നാണ് ഇറാന്റെ അവകാശവാദം. ഇസ്രയേലിനു അമേരിക്ക പിന്തുണ നൽകിയാൽ അമേരിക്കൻ താവളങ്ങളിലേക്കും ആക്രമണം വ്യാപിപ്പിക്കുമെന്നാണു മുന്നറിയിപ്പ്. ഇസ്രയേലിനു നേരെയുള്ള ആക്രമണത്തിനു പിന്നാലെ ഇറാൻ നഗരങ്ങളിൽ വലിയതോതിലുള്ള സന്തോഷ പ്രകടനങ്ങളാണു നടക്കുന്നത്.
ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെന്നും സൈന്യം അതീവ ജാഗ്രതയിലാണെന്നും ഇസ്രയേൽ സായുധ സേന ശനിയാഴ്ച വൈകിയാണു പ്രഖ്യാപിച്ചത്. 20 കിലോഗ്രാം സ്ഫോടകവസ്തുക്കൾ വഹിക്കാൻശേഷിയുള്ള ഡ്രോണുകളാണ് ഇസ്രയേലിൽ പതിച്ചത്. ഇതാദ്യമായാണ് ഇറാൻ പരമാധികാര ഇറാനിയൻ മണ്ണിൽനിന്ന് ഇസ്രായേലിനെ നേരിട്ട് ആക്രമിക്കുന്നതെന്നു മുൻ ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് വക്താവ് ജോനാഥൻ കോൺറിക്കസ് പറഞ്ഞു.
ഇറാനില്‍നിന്നും സഖ്യ രാജ്യങ്ങളില്‍നിന്നുമാണ് ഡ്രോണുകൾ തൊടുത്തത്. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രയേല്‍ ഇതിനോടകം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ആക്രമണത്തെ നേരിടാന്‍ ഇസ്രയേല്‍ തയാറെന്നായിരുന്നു പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. ആക്രമണ സാധ്യത കണക്കിലെടുത്ത് ഇസ്രയേലിലെ എല്ലാ സ്‌കൂളുകളും അടച്ചു. രാജ്യമെങ്ങും യുദ്ധ ഭീതിയാണു നിലനില്‍ക്കുന്നത്. ജോർദാനും ഇറാഖും ലബനോനും വ്യോമ മേഖല അടച്ചു. ഇസ്രയേല്‍ വ്യേമമേഖലയും വിമാനത്താവളവും അടച്ചു. അതേസമയം, സ്ഥിതി വിലയിരുത്തുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി.