ഇന്ത്യൻ പൗരൻ സരബ്ജിത് സിങ്ങിന്‍റെ ഘാതകൻ ലാഹോറിൽവച്ച് അജ്ഞാതരുടെ വെടിയേറ്റുമരിച്ചു

ലാഹോര്‍: പാക് ജയിലില്‍ വെച്ച് കൊല്ലപ്പെട്ട ഇന്ത്യൻ പൗരൻ സരബ്ജിത് സിങ്ങിന്റെ ഘാതകൻ അമീര്‍ സര്‍ഫറാസ് കൊല്ലപ്പെട്ടു. അധോലോക കുറ്റവാളി ആയിരുന്ന സര്‍ഫറാസിനെ ലാഹോറിൽ വെച്ച് അഞ്ജാതർ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

പഞ്ചാബ് സ്വദേശിയായ സരബ്ജിത് സിം​ഗിനെ ചാരവൃത്തി ആരോപിച്ച 1990ലാണ് പാകിസ്താൻ പിടികൂടുന്നത്. കുടുംബവും ഇന്ത്യയും ആരോപണങ്ങൾ നിഷേധിച്ചു. 23 വർഷത്തോളം പാകിസ്താൻ ജയിലിൽ കഴിഞ്ഞ സരബ്ജിത് മേയ് 2013 ന് ലാഹോർ ആശുപത്രിയിലാണ് മരിക്കുന്നത്.

അഫ്സൽ ​ഗുരുവിന്റെ തൂക്കിലേറ്റിയതിന് പിന്നാലെ കോട് ലഖ്പത് ജയിലിൽ തടവിലായിരുന്നു സരബ്ജിത്തിനെ സർഫറാസും സംഘവും ക്രൂരമായി മർദ്ദനത്തിനിരയാക്കി. ഇഷ്ടികയും കല്ലും ഉപയോ​ഗിച്ചുള്ള മർദ്ദനത്തിൽ സരബ്ജിത്തിന് തലച്ചോറിന് മാരകമായി ക്ഷതമേറ്റു. തുടർന്ന് ലാഹോറിലെ ജിന്ന ആശുപത്രിയിൽ 49-കാരൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. കൊല്ലപ്പെടുന്നതിന് മുമ്പ് വധശിക്ഷക്കെതിരെ പലതവണ ദയാഹരജികൾ സമർപ്പിച്ചിരുന്നു. ഘാതകനായ അധോലോക കുറ്റവാളി സര്‍ഫറാസിനെ 2018 ഡിസംബറില്‍ ലാഹോറിലെ കോടതി മോചിപ്പിച്ചിരുന്നു.