ന്യൂഡൽഹി: ഇറാൻ – ഇസ്രയേൽ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ താത്കാലികമായി നിർത്തിവച്ചു. ഡൽഹിക്കും ടെൽ അവീവിനും ഇടയില്‍ നേരിട്ടുള്ള വിമാന സർവീസുകൾ തൽക്കാലം നിർത്തിവെക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കിയതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു.
ആഴ്ചയില്‍ നാല് വിമാനങ്ങളാണ് ഇന്ത്യയിൽ നിന്ന് തെല്‍ അവീവിലേക്ക് ഉള്ളത്. എയര്‍ ഇന്ത്യക്കൊപ്പം നിരവധി പാശ്ചാത്യ വിമാനങ്ങളും സംഘര്‍ഷ ഭീഷണി കണക്കിലെടുത്ത് ഇറാന്‍ വഴിയുള്ള സര്‍വീസുകൾ നിര്‍ത്തിവെച്ചു. ശനിയാഴ്ച പുലര്‍ച്ചെ 4.30 ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ 161, ഇറാനിലൂടെ കടന്നു പോകാതെ ലണ്ടനിലേക്ക് ബദല്‍ റൂട്ട് സ്വീകരിക്കുകയായിരുന്നു. യൂറോപ്പിലേക്കുള്ള സാധാരണ ഇന്ത്യ-പാകിസ്ഥാന്‍-ഇറാന്‍-തുര്‍ക്കി-കരിങ്കടല്‍ റൂട്ടിനുപകരം, ബോയിംഗ് 787 ഡ്രീംലൈനര്‍ വടക്കന്‍ വഴിയാണ് സ്വീകരിച്ചത്.
വെള്ളിയാഴ്ച മുംബൈയിലേക്കുള്ള ലുഫ്താന്‍സയുടെ വിമാനം ഗ്രീസ്-മെഡിറ്ററേനിയന്‍ കടല്‍-സൗദി അറേബ്യ-പേര്‍ഷ്യന്‍ ഗള്‍ഫ്-അറേബ്യന്‍ കടല്‍ വഴി മുംബൈയിലെത്തി. നേരത്തെ കരിങ്കടല്‍-ഇറാന്‍-പാകിസ്ഥാന്‍ വഴിയായിരുന്നു മുംബൈയില്‍ എത്തിയിരുന്നത്.
അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം മാർച്ച് 3 നാണ് ടെൽ അവീവിലേക്കുള്ള സർവീസ് എയർ ഇന്ത്യ പുനരാരംഭിച്ചത്. ഇസ്രയേൽ – ഹമാസ് ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ 2023 ഒക്ടോബർ 7 മുതൽ ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവയ്ക്കുകയായിരുന്നു.
അതിനിടെ, ഇസ്രായേലിലെ എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കാനും അധികാരികൾ നൽകിയിരിക്കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാനും ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. അടിയന്തിര സഹായത്തിന് 24 മണിക്കൂറും ബന്ധപ്പെടാവുന്ന എമർജൻസി ഹെൽപ്പ്‌ലൈൻ നമ്പരും എംബസി പുറപ്പെടുവിച്ചിട്ടുണ്ട്. +972-547520711, +972-543278392 എന്നി നമ്പരുകളിലും cons1.telaviv@mea.gov.in ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്. എംബസിയിൽ ഇനിയും രജിസ്റ്റർ ചെയ്യാത്ത ഇന്ത്യൻ പൗരന്മാർ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്നും എംബസി നിർദേശം നൽകി.