മസ്കത്ത്: കനത്ത മഴയിൽ മലയാളിയുൾപ്പെടെ ഒമാനിൽ 12 പേർ മരിച്ചു. പത്തനംതിട്ട അടുർ കടമ്പനാട് സ്വദേശി സുനിൽകുമാർ ആണ് ബിദിയയിലെ സനയയ്യിൽ മരിച്ചത്. സൗത്ത് ഷർക്കിയയിൽ മതിൽ ഇടിഞ്ഞു വീണാണ് സുനിൽകുമാർ മരിച്ചത്. മെക്കാനിക് ആയി ജോലി ചെയ്യുകയായിരുന്നു സുനിൽ കുമാർ.
ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. മരിച്ച മറ്റുള്ളവർ സ്വദേശി പൗരൻമാരാണ്. ഇതിൽ ഒമ്പത് കുട്ടികളും ഉൾപ്പെടും. ഒഴുക്കില്‍പെട്ട് കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ പിന്നീട് കണ്ടെത്തി. കാണാതായ അഞ്ചു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. രാജ്യത്തിന്റെ പല ഭാഗത്തും കനത്ത മഴ തുടരുകയാണ്. നിരവധിപേർ വാദിയിൽ കുടുങ്ങി കിടക്കുന്നുണ്ട്. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
ഒമാനിൽ ശനിയാഴ്ച രാത്രിയും ഞായറാഴ്ച ഉച്ചവരെയുമായി പെയ്ത കനത്ത മഴിൽ വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. മസ്കറ്റ്, തെക്ക്- വടക്ക് ശർഖിയ, ദാഖിലിയ, ദാഹിറ ഗവർണറേറ്റുകളിലെല്ലാം മഴയും വെള്ളപ്പൊക്കവും കൊടിയ നാശംവിതച്ചു.
അൽ മുദൈബിയിൽ വെള്ളപ്പൊക്കത്തിലും ശക്തമായ ഒഴുക്കിലുംപ്പെട്ട് അഞ്ചു പേരെ കാണാതായെന്ന് രാജ്യത്തെ സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.
റോയൽ ഒമാൻ പൊലീസിന്റെയും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെയും നേതൃത്വത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ നാല് ഗവർണറേറ്റിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മസ്കത്ത്, തെക്ക്-വടക്ക് ശർഖിയ, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, വിദേശ സ്കൂളുകൾക്കാണ് അവധി നൽകിയത്.