മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ വസതിയ്ക്ക് നേരെ വെടിയുതിർത്ത സംഭവത്തിലെ പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രം പുറത്തുവിട്ട് മുംബൈ പൊലീസ്. തൊപ്പി ധരിച്ചെത്തിയ രണ്ടുപേരാണ് സംഭവത്തിനു പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. താരത്തിന്റെ വീടിനു നേരെ ഇവർ വെടിയുതിർക്കുന്നതും വീഡിയോയിൽ കാണാം.
ബൈക്കിൽ എത്തി വെടിയുതിർത്തു എന്ന് സംശയിക്കുന്ന രണ്ട് പ്രതികളുടെ ചിത്രമാണ് പൊലീസ് പുറത്തുവിട്ടത്. പ്രതികൾ സഞ്ചരിച്ച ബൈക്ക് സൽമാൻ്റെ വസതിയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ നിന്നും കണ്ടെടുത്തിരുന്നു. സംഭവത്തെ തുടർന്ന് മഹാരാഷ്ട്ര നവനിർമ്മാൺ തലവൻ രാജ് താക്കറെ സൽമാന്റെ വസതിയിലെത്തിയിരുന്നു.
ഞായറാഴ്ച പുലർച്ചെ മുംബൈയിലെ ബാന്ദ്രയിലുള്ള വീടിന് നേര്‍ക്കാണ് അക്രമമുണ്ടായത്. അക്രമികൾ അഞ്ച് റൗണ്ട് വെടിവച്ചതായി പോലീസ് വ്യക്തമാക്കി. വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള സൽമാൻ ഖാൻ സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നു.
ജയിലിൽക്കഴിയുന്ന ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ 10 അംഗ ഹിറ്റ്‌ലിസ്റ്റിലെ പ്രധാന വ്യക്തിയാണ് സൽമാൻ ഖാനെന്ന് കഴിഞ്ഞവർഷം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വെളിപ്പെടുത്തിയിരുന്നു. സൽമാനെതിരെയുള്ള 1998ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസാണ് ഭീഷണിക്ക് ആധാരം. വേട്ടയാടൽ ബിഷ്ണോയി സമൂഹത്തെ വേദനിപ്പിച്ചെന്നാണ് ലോറൻസ് ബിഷ്ണോയിയുടെ നിലപാട്.
ബിഷ്ണോയിയുടെ സംഘാംഗം സംപത് നെഹ്റ സൽമാന്റെ ബാന്ദ്ര വസതി നിരീക്ഷിച്ചിരുന്നെന്നും ആക്രമിക്കാൻ തയാറായിരുന്നെന്നും ബിഷ്ണോയി വെളിപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഹരിയാന പൊലീസിന്റെ ദൗത്യസേന നെഹ്റയെ പിടികൂടി. കഴിഞ്ഞ വർഷം ഏപ്രിൽ 11ന് ലഭിച്ച ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ മുംബൈ പൊലീസ് സൽമാൻ ഖാന്റെ സുരക്ഷാ വൈ പ്ലസ് കാറ്റഗറിയിലേക്കു മാറ്റിയിരുന്നു.