ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ചരക്കുകപ്പലിൽ ഇന്ത്യക്കാരും ഉൾപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ഇറാൻ വിദേശകാര്യമന്ത്രിയെ വിളിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരുടെ വിഷയം എസ് ജയശങ്കർ ഉന്നയിച്ചു. മേഖലയിലെ നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തതായും സംഭാഷണങ്ങൾ തുടരുമെന്നും എസ് ജയശങ്കർ പറഞ്ഞു.
ഒമാൻ ഉൾക്കടലിനു സമീപം ഹോർമുസ് കടലിടുക്കിൽ ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പൽ ഇറാൻ സൈന്യം ശനിയാഴ്ചയാണ് പിടിച്ചെടുത്തത്. നാല് മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാർ ജീവനക്കാരായുള്ള എംഎസ്‌സി ഏരീസ് എന്ന കപ്പലാണു ഹെലികോപ്റ്ററിലെത്തിയ ഇറാൻ സേനാംഗങ്ങൾ പിടിച്ചെടുത്ത് ഇറാൻ സമുദ്രപരിധിയിലേക്കു കൊണ്ടുപോയത്.
അതേസമയം ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലിലെ മലയാളി ജീവനക്കാരുടെ മോചനത്തിനായി കേന്ദ്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അടിയന്തര ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിനാണ് കത്തയച്ചത്. ഇന്ത്യാക്കാരുടെ മോചനത്തിനായുള്ള അടിയന്തര ഇടപെടൽ വേണമെന്നും കുടുംബങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അതിനിടെ കപ്പലിലെ മലയാളി ജീവനക്കാരടക്കം എല്ലാവരും സുരക്ഷിതരാണെന്ന വിവരം പുറത്തുവന്നിരുന്നു. കപ്പലിൽ അകപ്പെട്ട വയനാട് സ്വദേശിയായ പി വി ധനേഷാണ് വീട്ടിലേക്ക് വിളിച്ച് ഇക്കാര്യം പറഞ്ഞത്. കപ്പലിലെ എല്ലാവരും സേഫാണ് എന്ന് മാത്രമാണ് ധനേഷ് പറഞ്ഞതെന്നും അതിന് ശേഷം ഫോണ്‍ കട്ടായെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.
ഇസ്രയേൽ ശതകോടീശ്വരൻ ഇയാൽ ഓഫറിന്റെ സൊഡിയാക് ഗ്രൂപ്പിന്റെ ഭാഗമായ സൊഡിയാക് മാരിടൈം കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലാണിത്. ഇറ്റാലിയൻ–സ്വിസ് കമ്പനിയായ എംഎസ്‌സിയാണു കപ്പലിന്റെ നടത്തിപ്പ്. ഈ മാസം ഒന്നിന് ഡമാസ്കസിലെ കോൺസുലേറ്റിനു നേരെയുണ്ടായ മിസൈലാക്രമണത്തിൽ ഇറാന്റെ 2 മുതിർന്ന ജനറൽമാർ അടക്കം 7 സേനാംഗങ്ങളാണു കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇസ്രയേലിനെതിരെ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിരുന്നു