മുംബൈ: ഐപിഎല്‍ 2024 സീസണിലെ എല്‍ ക്ലാസിക്കോയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 20 റണ്‍സിന്റെ ആവേശം ജയം. സിഎസ്കെ മുന്നോട്ടുവെച്ച 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ചുറി (63 ബോളില്‍ 105*) പാഴായി. സ്കോര്‍: ചെന്നൈ സൂപ്പര്‍ കിംഗ്സ്-206/4 (20), മുംബൈ ഇന്ത്യന്‍സ്-186/6 (20).
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ നായകൻ ഋതുരാജ് ഗെയ്ക്വാദും ശിവം ദുംബെയുമാണ് മികച്ച സ്കോറിലെത്തിച്ചത്. ഗെയ്ക്വാദ് 40 പന്തിൽ 69 റണ്‍സെടുത്തപ്പോൾ ദുംബെ പുറത്താകാതെ 38 പന്തിൽ 66 റണ്‍സെടുത്തു.
ഒരിക്കൽ കൂടി മഹേന്ദ്ര സിംഗ് ധോണി ഫിനിഷറുടെ റോളിൽ തിളങ്ങി. അവസാന നാല് പന്തിൽ പുറത്താകാതെ ധോണി 20 റണ്‍സെടുത്തു. മുംബൈയ്ക്കായി നായകൻ ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്കായി രോഹിത് ശർമ തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. 63 പന്തിൽ പുറത്താകാതെ രോഹിത്ത് 11 ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 105 റണ്‍സെടുത്തു.
രോഹിത്തിനെ കൂടാതെ ഇഷാൻ കിഷൻ (23), തിലക് വർമ (31), ടിം ഡേവിഡ് (13) എന്നിവർക്ക് മാത്രമാണ് മുംബൈ നിരയിൽ രണ്ടക്കം കാണാൻ സാധിച്ചത്. ചെന്നൈക്കുവേണ്ടി മതീഷ് പതിരണ നാല് വിക്കറ്റുകളെടുത്തപ്പോള്‍, തുഷാര്‍ ദേശ്പാണ്ഡെ, മുസ്താഫിസുര്‍റഹ്മാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
ജയത്തോടെ ചെന്നൈ എട്ട് പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനാത്താണ്. നാല് പോയിന്റുള്ള മുംബൈ എട്ടാം സ്ഥാനാത്താണ്.