തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള ആരോപണത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്.
പണംവാങ്ങി സമുദായിക നേതാക്കളുടെ വോട്ട് വാങ്ങുന്നുവെന്നായിരുന്നു തരൂരിന്റെ ആരോപണം. ഇതിനെതിരെ BJP സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി ലീഗല്‍ സെല്‍ കണ്‍വീനർ അഡ്വ ജെ. ആർ.പത്മകുമാറും എൻഡിഎ തെരഞ്ഞെടുപ്പു കമ്മിറ്റി ജില്ലാ കണ്‍വീനർ വി.വി. രാജേഷും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും അത് പ്രചരിപ്പിക്കുന്നതും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് കർശനമായ താക്കീത് നല്‍കിയത്. അത്തരം ആരോപണങ്ങൾ ആവർത്തിക്കരുതെന്നും കമ്മീഷൻ നിർദ്ദേശം നൽകി. അഭിമുഖം ഇനി സംപ്രേഷണം ചെയ്യരുതെന്ന് സ്വകാര്യ ചാനലിനും നിർദ്ദേശം നൽകി.
അതേസമയം കമ്മീഷന്‍റ തെളിവെടുപ്പിൽ ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്ന് തരൂരിന്‍റെ പ്രതിനിധി വിശദീകരണം നൽകിയിരുന്നു.