മകൾക്കൊപ്പമുള്ള വിഷുദിന ചിത്രങ്ങൾ പങ്കുവെച്ച് നടി ഭാമ. കുഞ്ഞിന്റെ മുഖം ഒരു സ്മൈലി കൊണ്ട് മറച്ച ശേഷമാണ് ഭാമ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു. ഗൗരി എന്നാണ് ഭാമയുടെ മകളുടെ പേര്.
വീട്ടിലെ പൂജാമുറിയിൽ ഒരുക്കിയ വിഷുക്കണിക്ക് മുന്നിൽ ഭാമയും മകളും നിൽക്കുന്ന ചിത്രങ്ങളും മകൾക്ക് വിഷുക്കൈനീട്ടം നൽകുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. സെറ്റ് സാരി ധരിച്ച് നാടൻ സുന്ദരിയായാണ് ഭാമയെ ചിത്രങ്ങളിൽ കാണാൻ കഴിയുക. മകൾ ഗൗരി ധരിച്ചിരിക്കുന്നത് വെള്ള ഫ്രോക്കാണ്. വിഷുക്കണിയ്ക്ക് സമീപം ഇരിയ്ക്കുന്ന ഭാമയുടെ ചിത്രങ്ങളും ഇൻസ്റ്റഗ്രാം പേജിൽ കാണാം.
ഒരുപാട് നാളുകൾക്ക് ശേഷം താനും മകളും സന്തോഷം നിറഞ്ഞ വിഷു ആഘോഷിച്ചുവെന്ന് ഭാമ ചിത്രങ്ങൾക്ക് താഴെ കുറിച്ചു. ഭാമയുടെ ഭർത്താവ് അരുൺ എവിടെയാണെന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങൾ ചിത്രങ്ങൾക്ക് താഴെ ആരാധകർ ഉന്നയിക്കുന്നുണ്ട്. ഭർത്താവുമായി ഭാമ വേർപിരിഞ്ഞോ എന്ന സംശയമാണ് ആരാധകർക്കുള്ളത്.
ഏറെ കാലമായി അരുണിനെ കുറിച്ചുള്ള വിശേഷങ്ങളൊന്നും ഭാമ പങ്കുവെക്കാറില്ല. ഇരുവരും വേർപിരിഞ്ഞെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ ഒരു പരിധി വരെയുള്ള കാരണമിതാണ്. ഒരു മകൾ മാത്രമാണ് ഭാമയ്ക്ക് ഉള്ളത്. മകൾക്കൊപ്പമുള്ള ചിത്രങ്ങൾ താരം ചിലപ്പോഴൊക്കെ ഇൻസ്റ്റഗ്രാമിൽ പങ്കിടാറുണ്ട്.
വീട്ടുകാർ ആലോചിച്ചുറപ്പിച്ചാണ് ബിസിനസുകാരനായ അരുണിനെ ഭാമ വിവാഹം ചെയ്തത്. വിവാഹശേഷം താരം അഭിനയത്തിൽ നിന്നും വിട്ടു നിന്നു. സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും ഭാമ സംരംഭക എന്ന നിലയിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. വാസുകി എന്ന വസ്ത്ര ബ്രാൻഡിന്റെ ഉടമയാണ് ഭാമ.
2007-ല്‍ പുറത്തിറങ്ങിയ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ ശ്രദ്ധനേടുന്നത്. സൈക്കിള്‍, കളേഴ്സ്, ഇവര്‍ വിവാഹിതരായാല്‍, സെവന്‍സ്, ഹസ്ബന്റ്സ് ഇന്‍ ഗോവ, ഒറ്റമന്ദാരം, ജനപ്രിയൻ, സകുടുംബം ശ്യാമള, മാൽഗുഡി ഡേയ്സ്, ഹരീന്ദ്രൻ ഒരു നിഷ്ക്കളങ്കൻ, മത്തായി കുഴപ്പക്കാരനല്ല, കോളേജ് ഡേയ്സ്, നീലാംബരി, ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കുടുംബം, സ്വപ്ന സഞ്ചാരി തുടങ്ങി നിരവധി ചിത്രങ്ങളിൽ ഭാമ വേഷമിട്ടുണ്ട്.