ഐഫോണ്‍ നിര്‍മാണത്തില്‍ 14 ശതമാനവും ഇന്ത്യയില്‍ നിന്ന്! പുറത്തിറങ്ങുന്ന 7 ഐഫോണുകളിൽ ഒരെണ്ണം ഇന്ത്യാ നിര്‍മിതം. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്ന് ആപ്പിള്‍ 14 ബില്യന്‍ ഡോളര്‍ മൂല്യത്തിനുള്ള ഐഫോണ്‍ കയറ്റുമതി നടത്തി, ആപ്പിള്‍ കമ്പനിയുടെ ഇന്ത്യയിലെ നിര്‍മാണ പ്രവര്‍ത്തനത്തെക്കുറിച്ച് ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.
റിപ്പോര്‍ട്ട് പ്രകാരം, രാജ്യത്തു നിന്ന് കയറ്റുമതി ചെയ്യപ്പെട്ട ഐഫോണുകളുടെ 67 ശതമാനവും ആപ്പിളിനു വേണ്ടി കരാര്‍ നിര്‍മ്മാതാവായ ഫോക്‌സ്‌കോണ്‍ നിര്‍മിച്ചതാണെങ്കില്‍, 17 ശതമാനം മറ്റൊരു തയ്‌വനീസ് നിര്‍മ്മതാവായ പെഗാട്രോണ്‍ നിര്‍മ്മിച്ചതാണ്. ബാക്കി കര്‍ണാടകത്തില്‍പ്രവര്‍ത്തിക്കുന്ന വിസ്ട്രണ്‍ ഗ്രൂപ്പിന്റെ ഫാക്ടറിയില്‍ നിര്‍മിച്ചതാണ്. ഇത് ടാറ്റാ ഗ്രൂപ് കഴിഞ്ഞവര്‍ഷം ഏറ്റെടുത്തിരുന്നു. ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ ആപ്പിള്‍ വിസമ്മതിച്ചു.
നിര്‍മാണം ലോകത്തെ പല രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ ഐഫോണ്‍ അടക്കമുളള ആപ്പിള്‍ ഉപകരണങ്ങള്‍ നിര്‍മിച്ചെടുക്കാനുള്ള ശ്രമം ആരംഭിച്ചത്. ബെയ്ജിങും, വാഷിങ്ടണും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് അമേരിക്കന്‍ കമ്പനിയായ ആപ്പിളിനെ മറ്റു മേഖലകള്‍ തിരയാന്‍ പ്രേരിപ്പിക്കുന്നത്. ഇതൊക്കെയാണെങ്കിലും, ഏറ്റവുമധികം ഐഫോണുകള്‍ ഇപ്പോഴും നിര്‍മിച്ചെത്തുന്നത് ചൈനയില്‍ നിന്നു തന്നെയാണ്.
എന്താണ് ആപ്പിള്‍ പ്രെസ്‌റ്റൊ?
ബോക്‌സിലിരിക്കുന്ന ഐഫോണ്‍ പുറത്തെടുക്കാതെ ഐഓഎസ് അപ്‌ഡേറ്റ് നടത്താനായി ആപ്പിള്‍ വികസിപ്പിച്ച നൂതന സംവിധാനമാണ് പ്രെസ്‌റ്റോ. ഐഓഎസിന്റെ ഒരു വേര്‍ഷന്‍ പ്രവേശിപ്പിച്ചായിരിക്കും ഐഫോണുകള്‍ ഫാക്ടറികളില്‍ നിന്ന് പാക്കു ചെയ്ത് വില്‍പ്പനയ്ക്ക് ആപ്പിള്‍ സ്റ്റോറുകളിലും മറ്റും എത്തുക. ഇവ വിറ്റുപോകാതെ ഇരിക്കുകയും, അതിനിടയില്‍ ഓഎസിന്റെ പുതുക്കിയ വേര്‍ഷന്‍ വരികയും ചെയ്താല്‍ എന്തു ചെയ്യും? ഇവിടെയാണ് പ്രെസ്റ്റോയുടെ പ്രസക്തി?
പ്രെസ്റ്റോ ഒരു എന്‍എഫ്‌സി കേന്ദ്രീകൃതമായ ഉപകരണമാണെന്നാണ് സൂചന. ഇതിനു മുകളില്‍ പെട്ടിയിലുള്ള ഒരു ഐഫോണ്‍ വച്ചാല്‍ അതിന്റെ ഓഎസ് വേര്‍ഷന്‍ ഏതാണ് എന്നു തരിച്ചറിഞ്ഞ് ഏകദേശം 15 മിനിറ്റെങ്കിലും എടുത്ത് പുതിയ വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുമെന്നാണ് ഐജനറേഷന്റെറിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു ടോസ്റ്ററിന്റെ രീതിയിലുള്ള ഉപകരണമാണ് ഇതെന്നും, ഒരേ സമയം ആറു ഫോണുകള്‍ വരെ വയ്ക്കാമെന്നും, അമേരിക്കയിലെ ചില ആപ്പിള്‍ സ്റ്റോറുകളില്‍ ഇവ എത്തിക്കഴിഞ്ഞു എന്നുമാണ് റിപ്പോര്‍ട്ട്.
പെട്ടിയിലുള്ള ഫോണ്‍ പ്രെസ്റ്റോയില്‍ അതിന് അനുവദിച്ചിരിക്കുന്ന ഇടത്ത് കൃത്യമായി വയ്ക്കണം. ഇതിന് ഏകദേശം 20 സെക്കന്‍ഡ് എടുത്തേക്കാം. പിന്നെ, 15-30 മിനിറ്റ് വരെ എടുത്ത് ഏറ്റവും പുതിയ സ്റ്റേബ്ള്‍ ഐഓഎസ് വേര്‍ഷന്‍ ഇന്‍സ്‌റ്റോള്‍ ചെയ്യും. ഐഫോണില്‍ പഴയ ഓഎസ് വേര്‍ഷന്‍ആണങ്കില്‍ വാങ്ങാന്‍ എത്തുന്ന ആള്‍ പുതിയ ഓഎസിലേക്ക് അപ്‌ഡേറ്റു ചെയ്തു കിട്ടാന്‍ ഇപ്പോള്‍ 20 മിനിറ്റ് ആപ്പിള്‍ സ്റ്റോറില്‍ ചിലവിടേണ്ടതായി വരുന്നുണ്ട്.
ആപ്പിള്‍ മൊബൈല്‍ ഉപകരണങ്ങളില്‍ നിങ്ങള്‍ കാണുന്നത് എന്താണ്? ഫെറെറ്റ്-യുഐ
ആപ്പിള്‍ ഗവേഷകര്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലെ വിവരങ്ങള്‍ പ്രകാരം, തങ്ങള്‍ ഇപ്പോള്‍ വികസിപ്പിച്ചുവരുന്ന പുതിയ പുതിയ യൂസര്‍ ഇന്റര്‍ഫെയ്‌സ് ആണ് ഫെറെറ്റ്-യുഐ (Ferret-UI) എന്ന് വിളിക്കുന്ന എഐ സിസ്റ്റം.
ഇത് മള്‍ട്ടിമോഡെല്‍ ലാര്‍ജ് ലാംഗ്വെജ് മോഡല്‍ (എംഎല്‍എല്‍എം Multimodal Large Language Model) ഗണത്തില്‍ പെടുന്നതാണ്. എന്നു പറഞ്ഞാല്‍, ടെക്സ്റ്റും, ചിത്രങ്ങളും, വിഡിയോയും മറ്റു തരത്തിലുള്ള മീഡിയയും, വിജിറ്റ് ലിസ്റ്റിങും തിരിച്ചറിയാനുള്ള ശേഷി ഇതിനുണ്ട്.
നിലവില്‍ ഫെറെറ്റ്-യുഐക്ക് മൊബൈല്‍ ആപ്പ് സ്‌ക്രീനുകളില്‍ എന്താണുള്ളത് എന്നു മാത്രമേ വായിച്ചെടുക്കാന്‍ സാധിക്കൂവത്രെ. എന്നാല്‍ പോലും, ജിപിറ്റി-4വി തുടങ്ങി മറ്റു യുഐ കേന്ദ്രീകൃത എല്‍എല്‍എമ്മുകളെക്കാള്‍ മികവുറ്റതാണ് ഇതെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. ഫെറെറ്റ്-യുഐകൊണ്ടുള്ള ഉദ്ദേശം ഗവേഷകര്‍ വ്യക്തമാക്കിയിട്ടില്ല.
കാഴ്ചക്കുറവുള്ളവര്‍ക്കും മറ്റും സഹായകമായേക്കാം എന്നു വാദമുണ്ട്. സ്‌ക്രീനിലെ ഉള്ളടക്കം കണ്ട് ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റ് ആയ സിരിക്ക് കൂടുതല്‍ മികച്ച രീതിയില്‍ ആജ്ഞകള്‍ അനുസരിക്കാന്‍ സാധിച്ചേക്കുമെന്നും വാദമുണ്ട്. എന്നാല്‍, ഉപയോക്താവിന്റെ സ്വകാര്യത ജനലിലൂടെപുറത്തേക്കെറിയുന്ന ഒരു ടെക്‌നോളജിയായി മാറുമോ എന്ന പേടിയും പലരും പങ്കുവയ്ക്കുന്നു.
ആപ്പിള്‍ ടിവിക്ക് വിഷന്‍ പ്രോ സമാനമായ ഹാന്‍ഡ് ജെസ്ചറുകള്‍ ലഭിച്ചേക്കാം
സ്ട്രീമിങ് ഉപകരണമായ ആപ്പിള്‍ ടിവിയുടെ അടുത്ത വേര്‍ഷനില്‍ പുതിയ ഒരു പറ്റം മാറ്റങ്ങള്‍ വന്നേക്കാമെന്ന് ബ്ലൂംബര്‍ഗിന്റെ മാര്‍ക് ഗുര്‍മന്‍ പ്രവചിക്കുന്നു. ആപ്പിള്‍ ടിവി ഒരു ഗെയിമിങ് കണ്‍സോള്‍ ആയി മാറിയേക്കാം. അതിനു പുറമെ, വിഷന്‍ പ്രോ ഉപയോക്താക്കള്‍ക്കു സാധിക്കുന്നതുപോലെ ആംഗ്യം ഉപയോഗിച്ച് ആപ്പിള്‍ ടിവി നിയന്ത്രിക്കാന്‍ സാധിച്ചാക്കാമെന്നും, അതില്‍ നിന്ന് നേരിട്ട് ഫെയ്‌സ്‌ടൈം കോള്‍ നടത്താനുള്ള ഫീച്ചര്‍ ഉള്‍പ്പെടുത്തിയേക്കാമെന്നും ഗുര്‍മന്‍ പറയുന്നു.
ആംഗ്യം തിരിച്ചറിയാനായി ആപ്പിള്‍ ടിവിയില്‍ ക്യമാറ പിടിപ്പിച്ചേക്കും. ആപ്പിള്‍ടിവി വഴി ഇപ്പോള്‍ ഫെയ്‌സ്‌ടൈം കോള്‍ നടത്തണമെങ്കില്‍ അതിന് ഐഫോണോ, ഐപാഡോ ആയി കണക്ടു ചെയ്യേണ്ടതായുണ്ട്.
ആപ്പിള്‍ ടിവിയില്‍ ക്യാമറ വരുന്നത് നല്ലതോ?
മൈക്രോസോഫ്റ്റ് എക്‌സ്‌ബോക്‌സ് 360, എക്‌സബോക്‌സ് വണ്‍ എന്നിവയ്ക്കായി കിനക്ട് (Kinect) അവതരിപ്പിച്ചത് 2010 നവംബറിലാണ്. കിനക്ടില്‍ ക്യാമറകളും മൈക്രോഫോണുകളും ഉണ്ടായിരുന്നു. അതിനു മുമ്പിലുളള വ്യക്തികളെ അടക്കം അതിന് തിരിച്ചറിയാന്‍ സാധിക്കുമായിരുന്നു. ഇത് നല്ലൊരുആശയമായി ആദ്യം തോന്നിയെങ്കിലും കിനക്ട് ഒരു വമ്പന്‍ പരാജയമായിുരന്നു.
തങ്ങളുടെ സ്വകാര്യതയിലേക്കുള്ള ഒരു കടന്നുകയറ്റമായി ഉപയോക്താക്കള്‍ അതിനെ കണ്ടതാണ് പരാജയ കാരണം. അതേസമയം, വിഷന്‍ പ്രോയിലുള്ള ഐ ട്രാക്കിങ് അടക്കമുള്ള സംവിധാനങ്ങളുമായി പൊരുത്തപ്പെട്ടു കഴിഞ്ഞ ഉപയോക്താക്കള്‍ ആപ്പിള്‍ ടിവിയിലെ സംവിധാനങ്ങളെ അംഗീകരിച്ചാല്‍ അത്ഭുതപ്പെടേണ്ടഎന്ന മറുവാദവും ഉണ്ട്.
ഐഫോണ്‍ സ്വയം നന്നാക്കിയെടുക്കല്‍
അടുത്തു സര്‍വിസ് സെന്ററുകള്‍ ഇല്ലെങ്കില്‍ ആപ്പിള്‍ ഉപകരണങ്ങള്‍ കേടായാല്‍ നന്നാക്കിയെടുക്കുക എന്നത് വിഷമം പിടിച്ച ഒരു പണിയാണ്. ഇതിന് ഒരു പരിഹാരമായാണ് ആപ്പിള്‍സെല്‍ഫ് സര്‍വിസ് റിപെയര്‍ കിറ്റുകള്‍ 2022ല്‍ അവതരിപ്പിച്ചത്. ഇത്തരം കിറ്റില്‍ ഒറിജിനല്‍ പാര്‍ട്ടുകളുംമറ്റും അടക്കംചെയ്തിരിക്കും.
ഇവിടെ നേരിട്ട ഒരു പ്രശ്‌നം, സ്വയം നന്നാക്കലിനു വേണ്ട ഉപകരണത്തിന്റെ സീരിയല്‍ നമ്പര്‍ കമ്പനിയുടെ സെല്‍ഫ് റിപെയര്‍ സര്‍വിസ് സ്‌റ്റോറുകള്‍ക്ക് നല്‍കേണ്ടതായി വരുന്നു എന്നതാണ്. ഇത് സ്വകാര്യതയ്ക്ക് ഭീഷണിയാണ് എന്നതിനാല്‍ ‘പെയറിങ്’ എന്ന പേരില്‍ പുതിയ ഒരു ഫീച്ചര്‍ അവതരിപ്പിക്കുകയാണ്ആപ്പിള്‍ ഇപ്പോള്‍. ഇത് ഉപകരണം നന്നാക്കിയെടുക്കുന്നത് കൂടുതല്‍ സ്വകാര്യമാക്കുമെന്ന് കമ്പനി പറയുന്നു.
Read More വാട്‌സാപ്പിലെ ഡോക്യുമെന്റ് ഫീച്ചറിൽ വരുന്നു പുതിയ മാറ്റങ്ങൾ